കണ്ടുമുട്ടിയതിന്റെ ആറാം വര്‍ഷത്തില്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചവരാണ് നിത്യയും സമീലും. സമൂഹത്തില്‍ മാന്യതയുള്ള കുടുംബങ്ങള്‍ മതത്തിന്റെ ചങ്ങലക്കെട്ടുകളില്‍ അവരുടെ പ്രണയത്തെ തളച്ചിടാന്‍ ശ്രമിച്ചപ്പോള്‍ പത്തുവര്‍ഷം അവര്‍ സ്‌നേഹം മനസ്സില്‍ സൂക്ഷിച്ചു. പതിനാറുവര്‍ഷത്തെ പരിചയത്തിനു ശേഷം പക്വമായ തങ്ങളുടെ പ്രണയത്തിന്റെ സാഫല്യത്തിനായി അവര്‍ വീടും നാടും ഉപേക്ഷിക്കുകയാണ്. 52 മണിക്കൂര്‍ നീണ്ട ഒരു യാത്രയുടെ കാത്തിരുപ്പാണ് അവര്‍ ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്…
ആവിഷ്‌കാര ലാളിത്യത്തിലും അനുഭവതീക്ഷ്ണതയിലും നിമഗ്നമായ പുതുകഥയുടെ അടയാളവാക്യങ്ങളാകുന്ന കഥകളാണ് സുസ്‌മേഷ് ചന്ത്രോത്തിന്റേത്. നിത്യസമീല്‍ എന്ന പുതിയ സമാഹാരത്തിലും ഇതിനു മാറ്റമില്ല. ഈ കഥകളില്‍ ഭൂരിഭാഗത്തിന്റെയും സവിശേഷത അവയെല്ലാം തന്നെ ഏതെങ്കിലും ഒരു വിധത്തിലുള്ള കാത്തിരിപ്പിന്റെ കഥകളാണെന്നുള്ളതാണ്.
ഒരുമിച്ചുള്ള ജീവിതത്തിനു വേണ്ടിയുള്ള കമിതാക്കളുടെ കാത്തിരുപ്പാണ് നിത്യസമീല്‍ എന്ന കഥയ്ക്ക് വിഷയമാകുന്നതെങ്കില്‍ 18 വര്‍ഷമായി കുട്ടികളില്ലാത്ത ദമ്പതിമാരുടെ കഥയാണ് ‘മാര്‍ച്ച് മാസത്തിലെ ഒരു സായാഹ്നം’. ഷാര്‍ജയില്‍ നിന്നും നാട്ടില്‍ അവധിക്കെത്തിയ ദേവിക്കും ഭര്‍ത്താവിനും വിചിത്രമായ അനുഭവങ്ങളാണ് ആ സായാഹ്നം സമ്മാനിക്കുന്നത്.
ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്ന സാഹിത്യകാരന്റെ ജീവിതത്തിലേക്ക് ഇമ എന്ന വായനക്കാരി കടന്നുവരുന്ന കഥയാണ് നാമം. ഫോണിലൂടെയും സാമൂഹ്യമാധ്യമത്തിലൂടെയും പരിചിതരായ അവരുടെയിടയിലുള്ള കാത്തിരിപ്പ് പരസ്പരം കാണുന്നതിനുവേണ്ടി മാത്രമാണ്. ഒപ്പം അവക്കിടയിലുള്ള ബന്ധം എന്താണെന്ന് മനസ്സിലാക്കാനും. ഇമ മറ്റൊരു കാത്തിരിപ്പിലാണെന്ന് തിരിച്ചറിയുന്നതോടെ തെളിഞ്ഞ സമുദ്രം പോലെ അനുവാചകന്റെ മനസ്സും ശാന്തമാകുന്നു.
യക്ഷിയെയും ഗന്ധര്‍വ്വനെയും കൂട്ടിനു പ്രതീക്ഷിക്കുന്ന പതിനെട്ടുകാരിയുടെ കഥയാണ് പതിനെട്ടു വര്‍ഷങ്ങള്‍. വെടിയേറ്റ് മിക്കവാറും കരിഞ്ഞുകഴിഞ്ഞ ഗ്രാമത്തില്‍ ഏതു നിമിഷത്തിലും സംഭവിക്കാവുന്ന മരണം കാത്തുകഴിയുന്നവരുടെ കഥയാണ് ‘മത്തങ്ങാവിത്തുകളുടെ വിലാപം’.
വരുന്ന ഓരോ മഴയും, തുടര്‍ച്ച, താളവാദ്യഘോഷങ്ങളോടെ മൃതശരീരം കടന്നുപോകുന്നു, പുലിമൃത്യു തുടങ്ങി 16 കഥകളാണ് നിത്യസമീല്‍ എന്ന സമാഹാരത്തിലുള്ളത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്‌കാര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിട്ടുള്ള സുസ്‌മേഷിന്റെ നിത്യസമീല്‍ ഏറെ ശ്രദ്ധേയകമാകുമെന്ന് തീര്‍ച്ച.
സുസ്‌മേഷിന്റെ നിരവധി കഥകള്‍ക്ക് പരിഭാഷകളും പാഠപുസ്തകപ്പതിപ്പുകളും ഉണ്ടായിട്ടുണ്ട്. ഗാന്ധിമാര്‍ഗ്ഗം, സ്വര്‍ണ്ണമഹല്‍ തുടങ്ങിയ കഥാസമാഹാരങ്ങളും ഡി, 9 തുടങ്ങിയ നോവലുകളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.