മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സർഗ്ഗാത്മക ബന്ധത്തിന്റെ അനുഭവപാഠമാണ് ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കവിതകളുടെ ജൈവതാളം. നാട്ടുനന്മയും, പച്ചപ്പും, മൂല്യങ്ങളോടുള്ള പ്രതിപത്തിയും, സ്‌നേഹം വറ്റുന്നതിലെ ആകുലതകളും, ഗൃഹാതുരത്വവുമെല്ലാം ദിവാകരന്റെ കവിതകളുടെ പ്രത്യേകതയാണ്.
ആ പ്രത്യേകതകളിലേക്ക് തന്നെയും തന്റെ ചുറ്റുപാടുകളേയും എല്ലാം പ്രമേയ സ്വീകരണാർത്ഥം വിഷ്ണുമംഗലം ഇഴചേർക്കുന്നു. അനുഭൂതിയുടെ പുതിയ കാലത്തേക്ക് വളർന്നു പൊങ്ങുന്ന വിഷ്ണുമംഗലത്തിന്റെ കവിതകളെല്ലാം പാരമ്പര്യത്തിൽ വേരൂന്നി നിൽക്കുന്നവയാണ്. കാവൽ , അംശം , ചിന്നം , വന്യം , കൊയക്കട്ട , വിലോപം , കവചം , അറുതി തുടങ്ങി സൂമൂഹിക സ്വത്വത്തെ സ്പർശിക്കുന്ന അൻപതിൽപരം കവിതകളുടെ സമാഹാരമാണ് കൊയക്കട്ട എന്ന ഈ കവിതാ സമാഹാരം.
‘ഏതൊരജ്ഞാത ദൂരത്തു നിന്നും
ആരമര്‍ത്തുന്നൂജീവന്റെ ബട്ടണ്‍?
വേരറുക്കുന്നൊരാ വിരല്‍ത്തുമ്പില്‍
നീറി നില്‍പ്പാണുഭൂമിയില്‍ ജന്മം”
വിഷ്ണുമംഗലത്തിന്റെ ജീവന്റെ ബട്ടണ്‍ എന്ന കവിതയിലെ വരികളാണിത്. പദബോധവും കാവ്യാത്മകതയും നിറഞ്ഞ വരികളിലെ ഗ്രാമീണഭംഗി കവിതകൾ വായിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ വിരിയും. കാലഘട്ടത്തിന്റെ വിഹ്വലതകളും സാധാരണക്കാരന്റെ ജീവിതത്തിന്റെ ചില ഏടുകളുമാണ് വിഷ്ണുമംഗലത്തിന്റെ കവിതകളിലെല്ലാം നമുക്ക് കാണാൻ കഴിയുന്നത്. ‘കൊയക്കട്ട‘ കവിതകൾ തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്
”തെങ്ങൊരെണ്ണം ആറ്റിലേക്ക്
ചാഞ്ഞിറങ്ങി വളഞ്ഞു നീർന്ന്
വിണ്ണിലേക്കുയന്നു മുന്നിൽ
പച്ചോലക്കുട നിവർത്തി.”
നിശ്ചലം എന്ന ആദ്യ കവിതയിൽ തുടക്കം മുതൽതന്നെ പുഴയും , പുഴയിലെ തോണിയും , പാടവരമ്പും , കൈതോലക്കാടും , ആറ്റിലെ പരൽ മീനുകളും , കുടിലിൽ കാത്തിരിക്കുന്ന കുഞ്ഞും ,കൂട്ടുകാരിയുമെല്ലാം വാക്കുകളിലൂടെ ചിത്രങ്ങളായ് കവിയിൽ നിന്നും കാവ്യാസ്വാദകരിലേക്ക് പകർന്നൊഴുകുകയാണ്. നാഗരികതയുടെ ആസുരമായ യന്ത്രഗതിയിൽ എളുപ്പത്തിൽ പിഴുതെറിയപ്പെടുന്ന ഗ്രാമ സൗഭാഗ്യങ്ങളുടെ പിടച്ചിൽ കവിതകളിലൂടെ കണ്ണോടിക്കുമ്പോൾ തന്നെ നമുക്ക് കാണാൻ സാധിക്കും.
”പണ്ട് ഞാൻ കൊന്ന പ്രാണികൾ സർവ്വവും
എന്റെയേകാന്തരാത്രിയിൽ മുന്നിലായി
വന്നുനിൽക്കുന്നു ജാഥയായ് , നിദ്രയിൽ
കണ്ടു ഞെട്ടിത്തെറിച്ചു വീഴുന്നു ഞാൻ.”
പ്രശസ്ത കവികളുടെയും പുതുകവികളുടെയും കവിതകളുടെ നിത്യപാരായണമാണ് നാട്ടുമണ്ണിന്റെ ആ നീറ്റലുകൾ തന്റെ പിൽക്കാല കവിതകളിലൂടെ സന്നിവേശിപ്പിക്കാൻ വിഷ്ണുമംഗലത്തിന് പ്രേരകമായത്. അരികു ജീവിതങ്ങളിലേക്ക് തൂത്തെറിയപ്പെടുന്നവന്റെ നിസ്സംഗ മൗനങ്ങൾക്ക് ഭാഷയേകാൻ കവി നാട്ടു പൊഞ്ഞാറുകളെ കൂട്ട് പിടിക്കുന്നു. ഓർമ്മകളെ കവിതയിലേക്ക് പുനരാനയിച്ച് ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള വിഷ്ണുമംഗലത്തിന്റെ ശ്രമമാണ് ഈ ‘കൊയക്കട്ട‘ കവിതകൾ.
കാഞ്ഞങ്ങാട് മാവുങ്കാലിനടുത്ത വിഷ്ണുമംഗലം സ്വദേശിയായ ദിവാകരന്‍ ഭൂശാസ്ത്ര വകുപ്പിന്റെ കണ്ണൂര്‍ ഓഫീസില്‍ ജിയോളജിസ്റ്റാണ്. ഇടശ്ശേരി അവാര്‍ഡ്, വൈലോപ്പിള്ളി സാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി കനകശ്രീ എന്‍ഡോവ്‌മെന്റ്, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ നേരത്തേ ലഭിച്ചിട്ടുണ്ട്. നിര്‍വ്വചനം, പാഠാവലി, ജീവന്റെ ബട്ടണ്‍, ധമനികള്‍, മുത്തശ്ശി കാത്തിരിക്കുന്നു എന്നിവ മറ്റു കവിതാസമാഹാരങ്ങളാണ്.
”മണ്ണിന്റെ പച്ചവേരുകളിലേക്ക് ആഴ്‌ന്നിറങ്ങുന്ന
നവനാഗരികയന്ത്രപ്പല്ലുകളില്‍ മുറിയുന്നത്
എന്റെ ഹൃദയധമനികളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.
അപാരവും അഗാധവുമായ കാവ്യസാഗരത്തിലേക്ക്,
ഇതാ ഒരു തുളളി അക്ഷരം എന്റേതുകൂടി.
ജ്വരബാധിതമായ കാലം ഉളളുപൊളളിച്ച ഒരമ്ലകണം ഇതിലുണ്ടാവും….”
(വിഷ്ണു മംഗലത്തിന്റെ ‘പാഠാവലി’ യിൽ നിന്ന്)
പൊട്ടൻകെട്ടി നടക്കുകയും പൊരുളുകണ്ടു ചിരിക്കുകയും ചെയ്യുന്ന പൊട്ടൻ തെയ്യത്തിന്റെയും നെറികേടിന്റെ മുഖത്ത് നേരിന്റെ ചൂട്ടു കുത്തിയാർക്കുന്ന ഗുളികൻ തെയ്യത്തിന്റെയും നാട്ടിലെ പ്രതിരോധവീര്യമാർന്ന മണ്ണിൽ നിന്ന് ഉയിർകൊണ്ട കവിതകളാണ് ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കവിതകൾ. കൊയക്കട്ട എന്ന കവിതാ സമാഹാരത്തിന്റെ ആദ്യപതിപ്പ് ഇപ്പോൾ പുറത്തിറങ്ങി. ഡി സി ബുക്സിന്റെ എല്ലാ ഷോറൂമുകളിലും പുസ്തകം ലഭ്യമാണ്.