“എങ്ങനെയെങ്കിലും സൈക്കിളുകേറ്റം പഠിക്കണം. കുറച്ചുദിവസമായി അതുമാത്രമായിരുന്നു പാച്ചുവിന്റെ ചിന്ത. ഊണിലും ഉറക്കത്തിലുമൊന്നും ആ ചിന്ത പാച്ചുവിനെ വിട്ടുപോയില്ല. കൂട്ടുകാരായ മനുവിനും ഗോപുവിനും തോമസുകുട്ടിയ്ക്കും മുനീറിനുമൊക്കെ സൈക്കിളുചവിട്ടാനറിയാം. എന്തിനധികം പറയുന്നു എല്ലാവരെയും സൈക്കിളുചവിട്ട് പഠിപ്പിക്കുന്ന ആനന്ദ്‌ചേട്ടായിയുടെ അനിയത്തിക്കൊച്ച് നീലിമയ്ക്കുവരെ അറിയാം സൈക്കിളുകേറ്റം. എല്ലാവരും കഴിഞ്ഞ വല്യവധിക്കാണ് സൈക്കിളുചവിട്ടാന്‍ പഠിച്ചത്. ഈ അവധിക്ക് എനിക്കും പഠിക്കണം. പാച്ചു മനസ്സിലുറച്ചു…!”
എം ആര്‍ രേണുകുമാറിന്റെ അരസൈക്കിള്‍ എന്ന കഥയിലെ പാച്ചുവിനെപ്പോലെ എത്രയെത്രകുട്ടികളാണ് അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് കളിക്കാനും സൈക്കിളുകേറ്റംപഠിക്കാനും വിരുന്നുപോകാനുമായി കാത്തിരിക്കുന്നത്..?
അവധിക്കാലം ആഘോഷമാക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. പണ്ട് വയലുകളിലും തോടുകളിലുമൊക്കെ കുട്ടികള്‍ കളിക്കാനിറങ്ങുമായിരുന്നു.എന്നാലിപ്പോള്‍ വയലും തോടും ഒന്നുമില്ലാതായിക്കൊണ്ടിരിക്കുന്നു. മാത്രമല്ല കുട്ടികള്‍ കംപ്യൂട്ടറിലേക്കും മൊബൈല്‍ ഗെയിമുകളിലേക്കും ശ്രദ്ധതിരിച്ചു. ഇന്നത്തെ കുട്ടികള്‍ക്ക് അന്യമായ…ഗ്രാമീണപശ്ചാത്തലവും കാടിന്റെ അനന്യഭംഗിയും ഒക്കെയുള്‍പ്പെടുത്തി മലയാളത്തിലെ കാവ്യലോകത്തിന് സുപരിചിതനായ എം ആര്‍ രേണുകുമാര്‍ രചിച്ച കഥാസമാഹാരമാണ് അരസൈക്കിള്‍.
അരസൈക്കിള്‍, പാച്ചുവിന്റെ യാത്രകള്‍, നൂറ് , ചേറുമീന്‍ എന്നീ നാലുകഥകളാണ് അരസൈക്കിള്‍ എന്ന പുസ്തകത്തിലുള്ളത്. പുതികാലത്തിന്റെ സന്തതികള്‍ക്ക് അപരിചിതമായ പഴയകാലത്തിന്റെ സൗന്ദര്യവും സൗരഭ്യവും, കരിങ്ങണയും, ചേറുമീനും ഒളിച്ചുകളിക്കുന്ന തോടുകള്‍കടനന്ന് മലയിറങ്ങിവരുന്ന കാറ്റിന്റെ ചൂളംവിളികളും കടന്ന് കാടിന്റെ ഭംഗി അനുഭവപ്പെടുത്തുകയാണ് ഇതിലെ കഥകള്‍. കഥകള്‍ കേള്‍ക്കാനും വായിക്കാനും ഇഷ്ടമുള്ള കൊച്ചുകൂട്ടുകാര്‍ക്ക് സമ്മാനിക്കാവുന്ന ഈ പുസ്തകം ഡി സി ബുക്‌സിന്റെ മാമ്പഴം ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോട്ടയം സ്വദേശിയായ എം ആര്‍ രേണുകുമാര്‍ സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ ബിരുദവും, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് എം.ഫില്‍ ബിരുദവും നേടി്. 1994ലെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കലാപ്രതിഭ ആയിരുന്നു. യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് പോസ്റ്റര്‍ ഡിസൈനിംഗില്‍ ദേശീയതലത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. കവിതയും കഥയും ലേഖനങ്ങളും എഴുതുന്നു. ആദ്യകവിത ‘മുഴുമിപ്പിക്കാത്ത മുപ്പതുകളില്‍’. ആദ്യകഥ ‘ഒറ്റമരം’. എസ് ബി ടി കവിതാ പുരസ്‌കാരം ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാന ഓഡിറ്റ വകുപ്പില്‍ ജോലിചെയ്യുന്നു.