ആകാശത്തിനുമേലെ ദൈവങ്ങളുടെ വാസസ്ഥലമായ സ്വര്‍ഗ്ഗം. അതിനുംമേലെ വൈകുണ്ഠം.
ജയം എന്നര്‍ത്ഥം വരുന്ന ജയ-വിജയ എന്നിങ്ങനെ പേരായ ഇരട്ടകളാണ് വൈകുണ്ഠത്തിന്റെ വാതില്‍ കാക്കുന്നത്. ഒരാള്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു നിങ്ങളെ നയിക്കുന്നു, മറ്റൊരാള്‍ വൈകുണ്ഠത്തിലേയ്ക്കു നിങ്ങളെ ഉയര്‍ത്തുന്നു.
വൈകുണ്ഠത്തില്‍ നിങ്ങള്‍ എന്നേയ്ക്കും സൗഖ്യമനുഭവിയ്ക്കും, സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ അര്‍ഹിക്കുന്നിടത്തോളവും.
എന്താണ് ജയയും വിജയയും തമ്മിലുള്ള വ്യത്യാസം? ഈ ചോദ്യത്തിനുത്തരം കണ്ടെത്തിയാല്‍ മഹാഭാരതകാവ്യത്തിലെ നിഗൂഢതയും നിങ്ങള്‍ക്ക് പരിഹരിക്കാനാവും.
ബാല്യം മുതല്‍ ഏതൊരു ഇന്ത്യക്കാരനും കേള്‍ക്കുന്ന, വായിക്കുന്ന ഇതിഹാസമാണ് മഹാഭാരത കഥ. വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളും സിനിമയായും ടെലിവിഷന്‍ സീരിയലായുമുള്ള വ്യത്യസ്ത അവതരണങ്ങളും കടന്ന് ജൈത്രയാത്ര തുടരുകയാണ് ഈ ഇതിഹാസ കാവ്യം. വ്യാസന്റെ മഹാഭാരതം ഒന്നേകാല്‍ ലക്ഷത്തിലധികം ശ്ലോകങ്ങളുള്ള ബൃഹത്തായ ഇതിഹാസമാണ്. ഈ സംസ്‌കൃതമൂലത്തില്‍നിന്നാണ് മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. മലയാളത്തില്‍ മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള ഭാഷാഭാരതമാണ് പ്രധാനം. പദാനുപദവിവര്‍ത്തനമാണത്. അതിനാല്‍ കഥാസംഭവങ്ങളില്‍ വ്യത്യാസങ്ങളൊന്നും വരുന്നില്ല. പിന്നെ എഴുത്തച്ഛന്റെ ഭാരതം കിളിപ്പാട്ട്. അതിലും കഥാഗതിക്ക് ഭേദഗതികളൊന്നും കാണാനില്ല. എന്നാല്‍ വ്യാസന്റെ കഥ പലരും പറഞ്ഞുപറഞ്ഞ്, പല കഥകളും കൂടിച്ചേര്‍ന്നു, പിതാക്കന്മാരുടെയും സന്താനങ്ങളുടെയും ഗുരുക്കന്മാരുടെയും ശിഷ്യന്മാരുടെയും സ്‌നേഹിതന്മാരുടെയും ശത്രുക്കളുടെയും ആ കഥ ഒരു ചെറിയ കുരുന്നില്‍നിന്ന് വന്‍വൃക്ഷമായി വളര്‍ന്നു. അതില്‍ നിന്ന് പലതും എടുത്തുമാറ്റുകയും കൂട്ടിച്ചേര്‍ക്കുകയും പ്രാദേശിക ഭാഷകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു.
ഈ പ്രാദേശിക മാറ്റങ്ങളെ ഒരൊറ്റ നൂലില്‍ കോര്‍ത്തെടുക്കുകയാണ് ദേവ്ദത്ത് പട്‌നായിക് ജയമഹാഭാരതം എന്ന ഗ്രന്ഥത്തിലൂടെ. ഈ പുസ്തകം മഹത്തായ ആ പുരാണത്തിന്റെ പുതിയൊരു ആവര്‍ത്തനമാണ്. സംസ്‌കൃതത്തിലുള്ള മൂലത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട്, ദേശീയമായ മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ച് ഇത് പുരാണലോകത്തിന്റെ ജാലകത്തിലേക്കു തുറന്നുവയ്ക്കുന്നു. ആധുനികയുഗത്തിലെ വായനക്കാരന്റെ അഭിരുചിക്കനുസരിച്ചും ഉചിതമായവിധം ഗ്രന്ഥകാരന്‍ മഹാഭാരതകഥ അവതരപ്പിക്കുന്നു. ഗ്രന്ഥകാരന്‍ സ്വയം വരച്ച രേഖാചിത്രങ്ങളും ഇതിഹാസസംബന്ധിയായ ഓരോ വിശദാംശങ്ങളും വ്യത്യസ്തമായ ആഖ്യാനശൈലിയും ഈ ഗ്രന്ഥത്തെ സവിശേഷമാക്കുന്നു. പരമേശ്വരന്‍ മൂത്തതാണ് ജയമഹാഭാരതം വിവര്‍ത്തനം ചെയ്തത്.
വിദ്യാഭ്യാസപരമായി ഒരു ഡോക്ടറും ഔദ്യോഗികപരമായി നേതൃത്വപരിശീലകനുമായ ദേവ്ദത് പട്‌നായ്ക് പുരാണങ്ങളോടുള്ള അഭിനിവേശത്താല്‍ പുരാണകഥാനിപുണന്‍ എന്ന നിലയിലാണ് പ്രശസ്തന്‍. വിശുദ്ധകഥകളെക്കുറിച്ചും പ്രതീകങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അവയ്ക്ക് ആധുനിക ലോകത്തുള്ള പ്രാധാന്യക്കുറിച്ചും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. ദ ബുക്ക് ഒഫ് രാം, മിത് = മിഥ്യ എ് ഹാന്‍ഡ്ബുക്ക് ഒഫ് ഹിന്ദു മിഥോളജി, പ്രഗ്നന്റ് കിങ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.