ഒരു വര്‍ഷംകൂടി കാലയവനികയില്‍ മറയുമ്പോള്‍ സാഹിത്യലോകത്തിന് കഥ, നോവല്‍, കവിത, ആത്മകഥ, ലോഖനം, ഓര്‍മ്മ, പാചകം, സെല്‍ഫ് ഹെല്‍പ് എന്നീ മേഖലകളിലായി മികച്ച സംഭാവനകളാണ് ലഭിച്ചത്. ഇതില്‍ 2016-ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികളില്‍ ശ്രദ്ധേയങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണ്. കവിത, നോവല്‍, കഥ എന്നിവപോലെ തന്നെ പ്രശസ്തരായവരുടെ ഓര്‍മ്മ പുസ്തകവും ആത്മകഥകളും പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ മികച്ചതും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതുമായ പുസ്തകങ്ങള പരിചയപ്പെടാം.
പ്രശസ്ത ചലച്ചിത്ര സംവിധായകനായ അബ്ദുല്‍ മജീദ് കമാലുദ്ദീന്‍ എന്ന കമലിന്റെ ആത്മകഥാപുസ്തകമാണ് ആത്മാവിന്‍ പുസ്തകത്താളില്‍. ബഹദൂറിന്റെ വീട്ടുമുറ്റത്തുനിന്ന് തുടങ്ങിയ സിനിമായാത്രയിലെ അനുഭവങ്ങള്‍ ഹൃദയാവര്‍ജ്ജകമായ രീതിയില്‍ കമല്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് ആത്മാവിന്‍ പുസ്തകത്താളില്‍. ഒരു സംവിധായകനാകാനായി കമല്‍ താണ്ടിയ ദൂരങ്ങള്‍ അടയാളപ്പെടുത്തുന്ന ആത്മാവിന്‍ പുസ്തകത്താളില്‍ കമല്‍ സിനിമകളുടെ അധികമാരും അറിയാത്ത അണിയറ ചരിത്രങ്ങളിലേക്കും കടന്നുചെല്ലുന്നു. പി.എന്‍.മേനോന്‍, ഭരതന്‍, കെ.എസ്.സേതുമാധവന്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം നിന്ന് സിനിമ പഠിച്ച അദ്ദേഹം മലയാള സിനിമയില്‍ ഏറ്റവുമധികം ശിഷ്യസമ്പത്തുള്ള സംവിധായകനായി മാറിയതിന്റെ വേറിട്ട അനുഭവങ്ങള്‍ പുസ്തകത്തെ അതീവഹൃദ്യമാക്കുന്നു. ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനും അധ്യാപകനുമായ ഉണ്ണികൃഷ്ണന്‍ ആവളയാണ് കമലിനൊപ്പം ചേര്‍ന്ന് ഈ പുസ്തകം തയ്യാറാക്കിയത്.
കവിതയ്ക്ക് അക്കാദമി അവാര്‍ഡും നാലുതവണ ഗാനരചനയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുള്ള റഫീക്ക് അഹമ്മദിന്റെ ലേഖനങ്ങളും ഓര്‍മ്മയും അനുഭവങ്ങളും സ്വപ്നങ്ങളും സങ്കല്പങ്ങളുമിടകലര്‍ന്ന പുസ്തകമാണ് ഈ ചില്ലയില്‍ നിന്ന്. കവിത്വംതുളുമ്പുന്ന ഭാഷയിലെഴുതപ്പെട്ട ഇരുപത്തഞ്ചോളം കുറിപ്പുകളാണ് ഇതിന്റെ ഉള്ളടക്കം.
ഏകാന്തപഥികന്‍ ഞാന്‍
ഗാനാലാപനത്തിന്റെ വഴികളില്‍ ഏകാന്തപഥികനായ പി.ജയചന്ദ്രന്റെ സ്മരണകള്‍ പങ്കുവെയ്ക്കുന്ന പുസ്തകമാണ് ഏകാന്തപഥികന്‍ ഞാന്‍. കര്‍ണ്ണാടക സംഗീതം അഭ്യസിക്കാതെതന്നെ ഒരു നിയോഗം പോലെ സിനിമാ പിന്നണിഗാനരംഗത്ത് എത്തപ്പെട്ട അദ്ദേഹത്തിന്റെ സംഭവബഹുലമായ സംഗീതജീവിതവും അതിന്റെ ഓര്‍മ്മകളും ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ പില്‍ക്കാലത്ത് ഒരു ദേശീയ അവാര്‍ഡും മലയാളം, തമിഴ് ഭാഷകളില്‍ നിന്നായി പത്തോളം സംസ്ഥാന പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ തന്റെ മങ്ങാത്ത, മായാത്ത സ്മരണകള്‍ അദ്ദേഹം പങ്കുവെയ്ക്കുന്ന പുസ്തകമാണ് ഏകാന്തപഥികന്‍ ഞാന്‍. വിനോദ് കൃഷ്ണനാണ് ഈ ആത്മകഥ തയ്യാറാക്കിയത്. ജയചന്ദ്രന്‍ പാടിയ മലയാള സിനിമാഗാനങ്ങളുടെ പട്ടികയും ചേര്‍ത്തിട്ടുണ്ട്.
മലയാളസിനിമയുടെ സൗന്ദര്യസങ്കല്പം മാറ്റിമറിച്ച ഇന്ദ്രന്‍സ് തന്റെ കണ്ണീരുപ്പുനിറച്ച ജീവിതത്തിലെ തളര്‍ച്ചയുടെയും വളര്‍ച്ചയുടെയും കഥകള്‍ ഓര്‍ത്തെടുത്ത് വായനക്കാരുമായി പങ്കുവയ്ക്കുന്ന ഓര്‍മ്മ പുസ്തകമാണ് സൂചിയും നൂലും. പല തരത്തിലും പല നിറങ്ങളിലും ചിതറിക്കിടന്ന തന്റെ ജീവിതത്തുണിക്കഷണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേര്‍ത്തെടുക്കുകയാണ് സൂചിയും നൂലും എന്ന പുസ്തകത്തിലൂടെ ഇന്ദ്രന്‍സ്. ഒരു സാധാരണ തയ്യല്‍ക്കാരനില്‍നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥ പറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി രേഖപ്പെടുന്ന പുസ്തകമാണിത്. ഇന്ദ്രന്‍സിനൊപ്പം മാധ്യപ്രവര്‍ത്തകനായ ഷംസുദ്ദീന്‍ കുട്ടോത്തും ചേര്‍ന്നാണ് സൂചിയുംനൂലും തയ്യാറാക്കിയത്.
ഓര്‍മ്മയുടെ ഓളങ്ങളില്‍
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ആത്മകഥയാണ് ഓര്‍മ്മയുടെ ഓളങ്ങളില്‍. ഒരു കാലഘട്ടത്തിന്റെ അനുരണനങ്ങളെ ഒപ്പിയെടുത്ത്, സ്വന്തം ജീവിതവും കാവ്യജീവിതവും അടയാളപ്പെടുത്തുകയാണ് കവി. ഭൂതകാലത്തിന്റെ നന്മകളിലേക്കുള്ള യാത്രയായും ഈ കൃതിയെ വിലയിരുത്താം. ആത്മകഥാ സാഹിത്യത്തില്‍ ഒറ്റനക്ഷത്രമായി തെളിഞ്ഞുനില്‍ക്കുന്ന സാഹിത്യകൃതി.