കഥകൾ കേട്ട് രസിക്കാൻ കൊച്ചു കൂട്ടുകാർക്ക് ഡി സി ബുക്സ് മാമ്പഴം തയ്യാറാക്കിയ ശ്രീലങ്കൻ നാടോടിക്കഥകൾ പളുങ്കുരാജകുമാരി പ്രസിദ്ധീകരിച്ചു. ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവനും തുടിക്കുന്ന കഥകൾ ധാരാളമുണ്ട്. അവയെല്ലാം തന്നെ കൗതുകമുണർത്തന്നവയായിരിക്കും. നമ്മുടെ കൊച്ചു കൂട്ടുകാർക്ക് ഇത്തരം കഥകൾ അല്ലെങ്കിൽ വസ്തുതകൾ അവരുടെ അറിവിന്റെ ആവനാഴിയിലെ അമ്പുകളാണ്. അത്തരം നാൽപ്പത്തഞ്ചോളം കഥകളാണ് പളുങ്കുരാജകുമാരിയിൽ സമാഹരിച്ചിരിക്കുന്നത്.
ഏതൊരു ഭാരതീയനും സ്വന്തം സംസ്ഥാനം പോലെ കരുതുന്ന നാടാണ് ശ്രീലങ്ക. കാരണം മറ്റൊന്നുമല്ല രാമായണവും രാമനും രാവണനും സീതയും ലങ്കയുമെല്ലാം നമ്മുടെ സ്മൃതിയിലുള്ളതു കൊണ്ടുതന്നെ. ചരിത്രാതീതകാലങ്ങളായി ഭാരതവും ശ്രീലങ്കയും അഭേദ്യബന്ധത്തിലാണ്ടു കിടക്കുന്നു. ആ ചരിത്രത്തിലേക്കൊന്നും കടക്കുന്നില്ല. ശ്രീലങ്കൻ പുരാണകഥാകാരനായ പാർക്കർ പറയുന്നത് ” നമ്മുടെ മദനകാമരാജൻ- മര്യാദരാമൻ കഥകൾ ഇവയെല്ലാം തന്നെ ശ്രീലങ്കയിലും കണ്ടുകിട്ടും. ഒപ്പം ചെറിയ ചില വ്യത്യാസങ്ങൾ ഒഴിച്ചാൽ തമിഴ് തെലുങ്ക് നാടോടിക്കഥകളെല്ലാം തന്നെയാണ് ശ്രീലങ്കൻ കഥാലോകത്തും വിഹരിക്കുന്നത്.
ചുരുക്കത്തിൽ അവിടെയും നമ്മുടേതുപോലെതന്നെ രാജാവും രാജ്ഞിയും , കടുവയും ,കുറുക്കനും , തത്തയുമെല്ലാം സ്നേഹത്തോടെ വിഹരിക്കുന്ന ഭാവനാലോകം തന്നെയാണ് കൊച്ചുകൂട്ടുകാർക്കുള്ളത്. കാട്ടിലെ രാജാവ് അവിടെയും സിംഹം തന്നെ കേട്ടോ , കാട്ടിലെ വിഡ്ഢി പലപ്പോഴും പുള്ളിപ്പുലിയാണ്. ഇതിലൂടെയെല്ലാം ലങ്കയ്ക്ക് നമ്മുടെ മാതൃരാജ്യവുമായുള്ള നാഭീനാളബന്ധം വായനക്കാർക്ക് അനുഭവവേദ്യമാകും.
ലങ്കയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന എച്ച് പാർക്കർ നാട്ടിലുടനീളം അലഞ്ഞു നടന്ന് ശാസ്ത്രീയമായി സമാഹരിച്ചതാണ് Folktales of Ceylon എന്ന മഹദ്ഗ്രന്ഥം. ലോകം വായിച്ചറിഞ്ഞ അദ്ദേഹത്തിന്റെ കഥകളാണ് പളുങ്കുരാജകുമാരിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ആ ലോകത്തെ കൊച്ചു കൊച്ചു കഥകളിലൂടെ കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് മാമ്പഴം. ഡി സി ബുക്സിന്റെ എല്ലാ ഷോറൂമുകളിലും പുസ്തകം ലഭ്യമാണ്. പുസ്തകത്തിന്റെ പുനരാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത് പ്രസീത രജി , നായർ സുരേന്ദ്രനാഥ് , ബിന്ദു അനിൽ എന്നിവർ ചേർന്നാണ്.