മാറ്റത്തിന് കൊതിക്കുന്ന യുവത്വത്തിന്റെ കാലഘട്ടമാണിത്. പരമ്പരാഗത തൊഴില്‍ മേഖലകളില്‍നിന്നും വ്യത്യസ്തമായിട്ടുള്ള മേഖലകളിലാണ് അവര്‍ ലക്ഷ്യമിടുന്നത്. സ്വന്തമായൊരു സംരംഭം അവരുടെ സ്വപ്നമാണ്. ഇവര്‍ക്കുള്ള ഒരു മികച്ച വഴികാട്ടിയാണ് രശ്മി ബന്‍സാലിന്റെ പുസ്തകങ്ങളെല്ലാം. എഴുത്തുകാരി, സംരംഭക എന്നീ നിലകളില്‍ പ്രശസ്തയായ യുവപ്രതിഭയാണ് രശ്മി ബന്‍സാല്‍.
യുവതലമുറയിലെ സ്വയംസംരംഭകര്‍ക്ക് ഉത്തമ വഴികാട്ടിയായ ആ പുസ്തകങ്ങളെ പരിചയപ്പെടാം.
ആത്മവിശ്വാസം പടുത്തുയര്‍ത്തിയ ജീവിതങ്ങള്‍
എം.ബി.എ എന്ന കടമ്പ കടക്കാതെ സംരംഭകമേഖലയിലേക്ക് കടന്ന് വിജയം കൈവരിച്ച 20 പേരുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് രശ്മി ബന്‍സാല്‍ രചിച്ച ‘കണക്ട് ദ് ഡോട്ട്സ്’. അന്താരാഷ്ട്ര ബെസ്റ്റ്സെല്ലര് പട്ടികയില്‍ ഇടം പിടിച്ച ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ആത്മവിശ്വാസം പടുത്തുയര്‍ത്തിയ ജീവിതങ്ങള്‍. വലിയ വലിയ ബിരുദങ്ങളോ സ്വപ്നങ്ങള്‍ സാധ്യമാക്കിത്തരുന്ന ഒരു ധനികപിതാവോ അല്ല ഒരാള്‍ക്ക് വേണ്ടതെന്നും വിജയസാധ്യതകളിലേക്ക് തുറക്കുന്ന രണ്ട് മിഴികളും ഒരു ഹൃദയവുമുണ്ടെങ്കില്‍ ഏത് ഉയരങ്ങളും കീഴടക്കാമെന്നും ബോധ്യമാക്കിത്തരുന്ന പുസ്തകമാണ് ആത്മവിശ്വാസം പടുത്തുയര്‍ത്തിയ ജീവിതങ്ങള്‍.
വിജയപാതകളിലെ വ്യത്യസ്ത സാരഥികള്‍.
സ്റ്റേ ഹംഗ്രി സ്റ്റേ ഫൂളിഷ് എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് വിജയപാതകളിലെ വ്യത്യസ്ത സാരഥികള്‍. മാനേജ്മെന്റ് ബിരുദാനന്തര ബിരുദ പഠനത്തിന് ആഗോള പ്രശസ്തി നേടിയ അഹമ്മദാബാദിലെ ഐ.ഐ.എമ്മില്‍ നിന്നും പഠിച്ചിറങ്ങി സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ച് വിജയിച്ച 25 ഐ.ഐ.എം.എ ബിരുദധാരികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന പുസ്കമാണ് വിജയപാതകളിലെ വ്യത്യസ്ത സാരഥികള്‍.അവരില്‍ സ്വന്തമായ സാമ്രാജ്യം പടുത്തുയര്‍ത്തിയ നൗകരി.കോം, ഗിവ് ഇന്ത്യ, ഐറിസ്, കാലറി കെയര്‍, മെയ്ക്ക്മൈട്രിപ്.കോം, ഓര്‍കിഡ് ഫാര്‍മ തുടങ്ങിയ നവീന സംരംഭങ്ങളുടെ വിജയകഥയാണ് വിജയപാതകളിലെ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
വേറിട്ട പാതയിലൂടെ വിജയം നേടിയവര്‍
മാര്ട്ടിന് ലൂഥര്‍ കിങിന്റെ ഉദ്ധരണികളുമായി തുടങ്ങുന്ന വേറിട്ട പാതയിലൂടെ വിജയം നേടിയവര്‍ വേറിട്ട വഴികളിലൂടെ സംരംഭകവിജയം നേടിയ ഇരുപതുപേരെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു. ഈ പുസ്തകം പ്രചോദനപ്രദമായ ഒരുപിടി ആശയങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ഓരോ വായനക്കാരനെയും സ്വപ്നം കാണുവാന്‍ പ്രേരിപ്പിക്കുന്ന ഈ സെല്‍ഫ് ഹെല്പ് പുസ്തകത്തില്‍ ഇരുപതു വ്യത്യസ്ത സംരംഭകരെ പരിചയപ്പെടുത്തുന്നു. കണ്‍സേര്‍വ് ഇന്ത്യ, സൂപ്പര്‍ 30, മിറാക്കിള്‍ കൊരിയര്‍, ഗുഞ്ജ്, ആകാംക്ഷ, പരിവര്‍ത്തന്‍, അക്ഷയപാത്ര തുടങ്ങി പുതുതലമുറയ്ക്കു മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒട്ടനവധി അനുഭവപാഠങ്ങളാണ് ഇതില്‍.
സാധാരണക്കാരുടെ അസാധാരണ വിജയഗാഥകള്‍
വെല്ലുവിളികള്‍ ഏറ്റെടുക്കുകയും അതില്‍ വിജയം വരിക്കുകയും ചെയ്ത 25 സ്ത്രീകളുടെ അനുഭവപാഠങ്ങളാണ് സാധാരണക്കാരുടെ അസാധാരണ വിജയഗാഥകള്‍ എന്ന പുസ്തകത്തില്‍ കുടുംബജീവിതത്തിലെ കര്ത്ത്യവ്യങ്ങളും തങ്ങള്‍ തുടങ്ങി വച്ച ബിസിനസ്സ് സംരംഭവും ഒരേ രീതിയില്‍ വിജയത്തിലെത്തിച്ചവര്‍. സ്നേഹവും ക്ഷമയും കഠിനാധ്വാനവും ജീവിത വ്രതമാക്കിയവര്‍. സ്ത്രീകള്‍ക്ക് ഏതു സംരംഭത്തെയും വിജയത്തിലെത്തിക്കാനാവും എന്ന സത്യം ഈ കഥകള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു.