ഹൈടെക് സാങ്കേതികവിദ്യയുടെ ലോകത്ത് ദ്രുതഗതിയിലുള്ള വളര്‍ച്ചയും യോഗ ധ്യാന പരിശീലനങ്ങളും ഒരുപോലെ കൊണ്ടുപോകുന്ന, ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ്ങിന്റെ ചീഫ് ഇവാഞ്ചലിസ്റ്റായ ഗോപി കല്ലായില്‍ തന്റെ അനുഭവ സ്മരണകളിലൂടെ ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയുമുള്ള ഒരു ജീവിതം നയിക്കാന്‍ ആവശ്യമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന പുസ്തകമാണ് ‘ദി ഇന്റര്‍നെറ്റ് ടു ദി ഇന്നര്‍ നെറ്റ്’. കൂടുതല്‍ സര്‍ഗാത്മകവും ഫലപ്രദവും ചിട്ടയോടെയുള്ളതും അനുയോജ്യമായതുമായൊരു ജീവിതം നയിക്കാനാവശ്യമായ പ്രായോഗിക വിവേകമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ആന്തരികശക്തികളെ ഉണര്‍ത്തുവാനും കാര്യക്ഷമമായി ഉപയോഗിക്കുവാനും മാര്‍ഗനിര്‍ദേശമാകുന്ന സഹായിയായ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ജീവിതത്തില്‍ നവോന്മേഷം പകരാന്‍ 5 വഴികള്‍. ഗൂഗഌും മുത്തശ്ശിയുടെ വീടായ ചിറ്റിലഞ്ചേരിയിലെ നാട്ടുമ്പുറത്തുകാരനായ ഗോപിയെയും, അദ്ദേഹം ജീവിച്ച ഈ രണ്ട് സ്ഥലങ്ങളിലെയും ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും ചിന്തകളും, പ്രഭാഷണങ്ങളും എല്ലാം കൂട്ടിയെഴുതിയ പുസ്തകമാണ് ജീവിതത്തില്‍ നവോന്മേഷം പകരാന്‍ 5 വഴികള്‍.
നവീന സാങ്കേതിക വിദ്യകളാല്‍ അനുനിമിഷം പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ജീവിതത്തില്‍ നാം കൈകാര്യം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യ നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള മസ്തിഷ്‌കം, ശരീരം, ശ്വസനം, ബോധം ഒക്കെ അടങ്ങിയ ഇന്നര്‍നെറ്റ് ആണ്. നമ്മുടെ ആന്തരിക സാങ്കേതിക വിദ്യകളെ കാലാനുസൃതമായി നവീകരിക്കുകയും അതിനെ സദാ ഉന്മേഷപൂര്‍ണ്ണമായി നിര്‍ത്തുകയും ചെയ്താലേ ജീവിതവിജയം സാധ്യമാകൂയെന്ന് കാട്ടിത്തരുന്നജീവിതത്തില്‍ നവോന്മേഷം പകരാന്‍ 5 വഴികള്‍, ഗോഗ് ഇന്‍, നിങ്ങളുടെ ഇന്‍ബോക്‌സ് ശുദ്ധീകരിക്കുക, നിങ്ങളുടെ സിസ്റ്റത്തെ പാകപ്പെടുത്തുക, ഗൂഗിളില്‍ നോക്കൂ, താങ്ക് യു ഫോര്‍ സബ്‌സ്‌ക്രൈബിങ് എന്നിങ്ങനെ അഞ്ച് ഭാഗങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ചന്ദ്രാ വാക്കയില്‍, ലിന്‍സി കെ തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ നിര്‍വ്വഹിച്ചത്.
പാലക്കാട് ജില്ലയിലെ കുനിശ്ശേരി കല്ലായില്‍ വീട്ടില്‍ നീലാംബരന്റെയും ചിറ്റലഞ്ചേരി വട്ടേപ്പാടം കുടുംബാംഗം ലക്ഷ്മിക്കുട്ടിയുടെയും മകനാണ് ഗോപി കല്ലായില്‍. ട്രിച്ചി ഐ.ഐ.ടി.,കൊല്‍ക്കത്ത ഐ.ഐ.എം. എന്നിവിടങ്ങളില്‍ പഠിച്ച അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയ്ക്ക് കീഴിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്ന് എം.ബി.എ.യും കരസ്ഥമാക്കിയിട്ടുണ്ട്. യാത്രകളും സംഗീതവും യോഗയും ഏറെ ഇഷ്ടപ്പെടുന്ന ഗോപി ടെക്‌നോളജി രംഗത്തെ അറിയപ്പെടുന്ന പ്രഭാഷകന്‍ കൂടിയാണ്. വേള്‍ഡ് പീസ് ഫെസ്റ്റിവല്‍ ആര്‍ഡ് വിസ്ഡം 2.0, റിനൈസ്സന്‍സ് വീക്കെന്‍ഡ് തുടങ്ങിയ വേദികളില്‍ പ്രഭാഷകനായി പങ്കെടുത്തിട്ടുള്ള ഗോപി കല്ലായില്‍ ഒരു ടി വി പ്രോഗ്രാമും ചെയ്ഞ്ച് മേക്കേഴ്‌സ് എന്ന പേരില്‍ യൂട്യൂബ് പ്രോഗ്രാമും ചെയ്യുന്നുണ്ട്.