വരയില്‍ തീര്‍ക്കുന്ന മാന്ത്രികചിത്രങ്ങളായ കാര്‍ട്ടൂണുകളെക്കുറിച്ച് എന്താണ് നിങ്ങള്‍ക്കറിയാവുന്നത്…? നമ്മുടെ ഇഷ്ടതാരങ്ങളെയും രാഷ്ട്രീയനേതാക്കളെയും എല്ലാം പല രൂപത്തില്‍ കാര്‍ട്ടൂണുകളില്‍ കണ്ടിട്ടുണ്ടാകും. പോരാത്തതിന് എന്തെങ്കിലും കുറിയ്ക്കുകൊള്ളുന്ന അടിക്കുറിപ്പും കാണും. കൂടെക്കൂടെ ഓര്‍ത്ത് ചിരിക്കാനുള്ള വകമാത്രമല്ല അവ. നമ്മെ ഇരുത്തിചിന്തിപ്പിക്കുന്ന എന്തെങ്കിലും ആശയങ്ങളും അവയില്‍ ഒളിപ്പിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്.
കാര്‍ട്ടൂണ്‍ എന്നുകേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയും ഒ വി വിജയനെയുമൊക്കെയാവും മറ്റുചിലര്‍ക്ക്. സാമൂഹിക വിമര്‍ശനം വരകളിലൂടെ നടത്തിയവരാണ് ആ മഹാപ്രതിഭകള്‍. ഹാസസാഹിത്യം പോലെ വിലയിരുത്തപ്പെടുന്ന കാര്‍ട്ടൂണുകളുടെ ചരിത്രത്തെ അന്വേഷിക്കുന്ന പുസ്തകമാണ് വരയും കുറിയും. നമ്മുടെ കാര്‍ട്ടൂണുകളുടെ ചരിത്രം എവിടെ എത്തിനില്‍ക്കുന്നു എന്ന അന്വേഷമാണ് വരയും കുറിയും എന്ന പുസ്തകം. ഡി സി ബുക്‌സിന്റെ കേരളം 60പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകം തയ്യാറാക്കിയിരിക്കുന്നത് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് ആണ്.
വരയും കുറിയും ആശയവും മനോഹരമാകുമ്പോള്‍ ഒരു നല്ല കാര്‍ട്ടൂണ്‍ പിറക്കുന്നു. കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെയും വരകളിലൂടെയും സാമൂഹികമാറ്റങ്ങള്‍ക്ക് ചാലകമായി മാറിയ ചിരിവരയുടെ ചരിത്രവും വരത്തമാനവും അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തില്‍ മലയാളിയെ ഇന്നോളം ചിരിപ്പിച്ച, ചിന്തിപ്പിച്ച കാര്‍ട്ടൂണുകളുടെ ഇന്നലെയും ഇന്നും തിരയുകയാണ് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്.
ചിരിവരയുടെ കഥ, കാരിക്കേച്ചര്‍ എന്നാല്‍ എന്ത്, വിവിധതരം കാര്‍ട്ടൂണുകള്‍, കാര്‍ട്ടൂണുകളിലെ പരീക്ഷണങ്ങള്‍, ഹാസ്യ പ്രസിദ്ധീകരണങ്ങള്‍, കാര്‍ട്ടൂണ്‍ ശൈലികള്‍, ശ്രദ്ധേയമായ വ്യക്തിത്വങ്ങള്‍, ശ്രദ്ധിക്കപ്പെട്ട കാര്‍ട്ടൂണുകള്‍, ആദ്യ കാര്‍ട്ടൂണിന്റെ കഥ, രചനാരീതികള്‍, അനിമേഷനുകള്‍, എന്നിങ്ങനെ ചിരിവരയെക്കുറിച്ച് അറിയേണ്ടതെല്ലാം ഉള്‍പ്പെടുത്തിയാണ് വരയും കുറിയും സുധീര്‍നാഥ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുടെ അനുഭവക്കുറിപ്പുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പത്രപ്രവര്‍ത്തനത്തിലും പബ്ലിക് റിലേഷന്‍സിലും ഡിപ്ലോമ നേടിയിട്ടുള്ള സുധീര്‍നാഥ്സ്‌കൂള്‍ കോളജ് തലങ്ങളില്‍ നിരവധിതണ കാര്‍ട്ടൂണ്‍ രചനാ മത്സരത്തില്‍ വിജയിയാട്ടുണ്ട്. The Observer of Business and Politics ദിനപത്രത്തില്‍ ദീര്‍ഘകാലസേവനം. കേന്ദ്രമന്ത്രിയായിരുന്ന പി എം സയ്ദിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്നു. മുപ്പതോളം പുസ്തകങ്ങള്‍ തയ്യാറാക്കിയ ഇപ്പോള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സെക്രട്ടറിയാണ്. തൃശ്ശൂരാണ് സ്വദേശം.