യജമാനരെ സംപ്രീതരാക്കിക്കൊണ്ടുള്ള ദാസ്യവൃത്തിയാല്‍ മങ്ങിയ ജീവിത വിഴുപ്പും പേറി ഒരു മനുഷ്യായുസ്സ് മുഴുവൻ ഹോമിക്കപെടുന്ന ദേവദാസികള്‍ എന്ന ലൈംഗീകത്തൊഴിലാളികളുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. ആചാരങ്ങളുടെ പേരിൽ ലൈംഗിക തൊഴിലിൽ എത്തപ്പെട്ട പെൺജീവിതങ്ങളുടെ കാണാപ്പുറങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. എട്ടു വർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗീക തൊഴിലാളികളെയും നേരിട്ട് കണ്ട് തയ്യാറാക്കിയ പുസ്തകം. വീട്ടിൽ ഒരു പെൺകുട്ടി പിറന്നാൽ അത് ഒരു പാഴ് വസ്തുവെന്നു കരുതുന്ന വലിയൊരു സമൂഹം ഇന്നും ജീവിച്ചിരിക്കുന്നു എന്നു കൂടിയുള്ള തുറന്നു കാട്ടലാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകത്തിലൂടെ അരുൺ എഴുത്തച്ഛൻ കുറിച്ചിടുന്നത്. വിശ്വാസവും ലൈംഗീകതയും ഇഴപിരിയുന്ന ഇന്ത്യൻ ഗ്രാമങ്ങളിലൂടെയുള്ള അരുൺ എഴുത്തച്ഛന്റെ യാത്ര വിജയമാക്കിയ പുസ്തകം.
ഇരുണ്ട വേശ്യാത്തെരുവുകളും അവിടത്തെ ദിനരാത്രങ്ങളും അവിടേക്ക് അവരിൽ പലരേയും എത്തിച്ച സാഹചര്യങ്ങളും ആണ് ഈ പുസ്തകത്തിൽ കാണുക. ഹരം പകരുന്ന മസാലക്കൂട്ടുകളൊന്നുമില്ലാതെ പച്ചയായി ഹോമിക്കപ്പെടുന്ന ജീവിതത്തിന്റെ വേദനകളും, ഗതികേടുകളും പട്ടിണിയും അതിജീവനവും വിശുദ്ധ പാപങ്ങളുടെ ഇന്ത്യയിൽ നമുക്ക് കാണാം. ഒരു മാധ്യമപ്രവർത്തകന്‍റെ അച്ചടക്കത്തോടെ വളച്ചൊടിക്കലോ നിറം പിടിപ്പിക്കലുകളോ ഭാവനാ പൂർണമായ പൊലിച്ച് കാട്ടലോ പക്ഷം പിടിക്കലോ ഇല്ലാതെ കേവലം റിപ്പോർട്ട് ചെയ്യുക മാത്രമാണ് അരുൺ എഴുത്തച്ഛൻ എന്ന എഴുത്തുകാരൻ ഇവിടെ ചെയ്യുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വേശ്യാത്തെരുവുകളിലൊന്നായ കൊൽക്കത്തയിലെ സോനാ ഗച്ചിയിലേക്കും, കാളിഘട്ടിലേക്കും, മുംബൈയിലെ കാമാത്തിപുരയിലേക്കും എല്ലാം ദേവദാസികളെ തേടിയുള്ള എഴുത്തുകാരന്റെ അന്വേഷണം പോകുന്നു. എല്ലാവർക്കും പറയാനുള്ളത് ഒരേ കഥ. വിശപ്പാണ് ഏറ്റവും വലിയ സത്യം എന്ന അതിജീവന സിദ്ധാന്തം. കര്‍ണ്ണാടകയിലെ പല സ്ഥലത്തും ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ഉച്ചുംഗി മലയിലെ ദുര്‍ഗാക്ഷേത്രത്തിലാണ് ഇത് വിപുലമായി കൊണ്ടാടുന്നത്. മാഘ പൗര്‍ണമിയുടെ തലേന്നുമുതല്‍ ക്ഷേത്രത്തിലേക്ക് ആളുകളുടെ ഒഴുക്കായിരിക്കും. അവിടെ ദരിദ്രരായ മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍കുട്ടികളുമായി എത്തുന്നു. ക്ഷേത്രത്തിനകത്തെ പൂജിച്ച തളികയില്‍ ഋതുമതികളായ പെണ്‍കുട്ടികളെ നഗ്നരായി ഇരുത്തിയാണ് പൂജ നിര്‍വഹിക്കുന്നത്.
പുണ്യതീര്‍ത്ഥമായി വിശേഷിപ്പിക്കപ്പെടുന്ന `ആനക്കൊണ്ട’ (ആനക്കുളം) യില്‍ കുളിപ്പിച്ചാണ് പെണ്‍കുട്ടികളെ ശ്രീകോവിലിലേക്ക് ആനയിക്കുന്നത്. ദേവദാസിയാക്കല്‍ ചടങ്ങ് കഴിഞ്ഞാല്‍ നാട്ടുപ്രമാണിമാരുടെ ചോദ്യം ചെയ്യപ്പെട്ടുകൂടാത്ത അവകാശമായിത്തീരുന്നു ഈ പെൺ ജീവിതങ്ങൾ. പീഢിപ്പിക്കപ്പെടുന്ന സ്‌ത്രീകളുടെ എക്കാലത്തേയും പ്രതിനിധികളായ ഇവർ നടവഴികളില്‍ പുഴുവരിച്ച് തീരാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് എന്നും പുസ്തകം തുറന്നു കാട്ടുന്നു.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ നർത്തകിയായ അവസാനത്തെ ദേവദാസിയേയും ഉജ്ജയിനിയിൽ വലിയൊരു വേശ്യാതെരുവ് അടക്കി വാണിരുന്ന സുനിത എന്ന സ്ത്രീയുടെ പരിതാപകരമായ ഇന്നത്തെ അവസ്ഥയും വായനക്കാരിൽ ദൈന്യതയുടെ നെഞ്ചിടിപ്പുണ്ടാക്കും. ഒടുക്കം സുപ്രീം കോടതി വിധിയെ തുടർന്ന് 2016 ഫെബ്രുവരിയിൽ ഒരൊറ്റക്കുട്ടിയെ പോലും ദേവദാസിയാക്കാത്ത ഉച്ചംഗിമലയിലെ മാഘപൗർണ്ണമി നേരിട്ട് കണ്ട സംതൃപ്തിയോടെയാണു വിശുദ്ധപാപങ്ങളുടെ ഇന്ത്യ അരുൺ എഴുത്തച്ഛൻ അവസാനിപ്പിക്കുന്നത്. 2016 മെയിൽ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്നാമത്തെ പതിപ്പാണ് ഇപ്പോൾ ഡി സി ബുക്സ് പുറത്തിറക്കിയിരിക്കുന്നത്.