കനിഷ്‌ക് തരൂരിന്റെ ആദ്യകഥാസമാഹാരമാണ് (Swimmer Among the Stars) നക്ഷത്രങ്ങളിൽ നീന്തുന്നവൻ. പന്ത്രണ്ട് കഥകളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിലെ ശ്രദ്ധേയമായ കഥകളിലൊന്നാണ് ഐക്യരാഷ്ട്രസഭ ബഹിരാകാശത്ത്, കടലിൽ ആന എന്നീ കഥകൾ. മലയാളികൾക്ക് സവിശേഷമായൊരു വികാരം പകരുന്നതാണ് കടലിൽ ആന എന്ന കഥ. ആഫ്രിക്കയിലെ മൊറോക്കോയിൽ ഒരു രാജകുമാരി ഇന്ത്യൻ ആനയിൽ ആവേശപുളകിതയാകുന്നതായി മനസ്സിലാക്കിയ അവൾക്ക് കൊച്ചിയിൽനിന്നും ഒരു ആനയെ എത്തിക്കാൻ ഏർപ്പാടു ചെയ്തു. കപ്പൽമാർഗം ആഫ്രിക്കയിൽ എത്തിച്ചേർന്ന ആനയുടെയും ആ മൃഗത്തെ അവിടെ എത്തിച്ച് വഴിയിൽ അപ്രത്യക്ഷനാകുന്ന ആനപ്പാപ്പാന്റെയും മനോവിചാരവിക്ഷോഭങ്ങളെ രേഖപ്പെടുത്തുന്ന കഥയാണ് ഇത്.
കാവ്യാത്മകമായ അലങ്കാര പ്രയോഗങ്ങളും ചടുലമായ ഭാഷയും മാനവികതയോടും പ്രപഞ്ചത്തോടുമുള്ള ദാർശനികമായ കാഴ്ചപ്പാടുകളും ഈ സമാഹാരത്തിലെ കഥകളെ ശ്രദ്ധേയമാക്കുന്നു. പൗരാണികമായ കഥാവഴികളുടെ പാരമ്പര്യവും ആധുനികത പകരുന്ന ആഖ്യാനഭാവുകത്വവും കൂടിച്ചേരുന്ന ഈ കഥകളിൽ കനിഷ്‌ക് തരൂരിന്റെ അന്വേഷണാത്മകമായ മനസിന്റെ വ്യാഖ്യാനങ്ങളാണ്. ലളിതമായ ഭാഷയിലൂടെ, വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. ഭാവനയും സർഗാത്മകതയും ചേർത്ത് ഇന്നേവരെ ആരും കടന്നുപോകാത്ത പശ്ചാത്തലഭൂമികകളിൽക്കൂടി വ്യഗ്രമായ മനസോടെ സഞ്ചരിച്ച് രചിക്കപെട്ടവയാണ് നക്ഷത്രങ്ങളിൽ നീന്തുന്നവൻ എന്ന പുസ്തകത്തിലെ ഓരോ കഥയും. പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സുരേഷ് എം ജി ആണ്. പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഇപ്പോൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എഴുത്തുകാരനും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ മകന്‍ കനിഷ്‌ക് തരൂര്‍ മാധ്യമ പ്രവര്‍ത്തകന്‍, കോളമിസ്റ്റ്, കഥാകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. കൊളംബിയ, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസ്, ദി നാഷണല്‍, ദി ഹിന്ദു തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതുന്നു. ഇറാക്കിലും സിറിയയിലും നശിപ്പിക്കപ്പെട്ട പൗരാണിക സാംസ്‌കാരികകേന്ദ്രങ്ങളെക്കുറിച്ച് ബിബിസി പ്രക്ഷേപണം ചെയ്ത മ്യൂസിയം ഓഫ് ലോസ്റ്റ് ഒബ്ജക്ട്‌സ് എന്ന റേഡിയോ പരമ്പരയുടെ അവതാരകന്‍ കൂടിയായിരുന്നു അദ്ദേഹം.