ഇന്ന് ധനുമാസത്തിലെ തിരുവാതിര. നൃത്തവും പാട്ടും അനുഷ്ഠാനവുമൊക്കെയായി പരമശിവന്റെ പിറന്നാൾ ആഘോഷം. മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. സംഘകാല കൃതികളിലൊന്നായ പരിപാടലില്‍ പരാമര്‍ശമുള്ളതിനാല്‍ ഏഴാം നൂറ്റാണ്ടില്‍ തന്നെ തിരുവാതിരയാഘോഷം പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം. കസവു മുണ്ടും നേര്യതുമുടുത്ത് തിരുവാതിര കളിച്ചും നാലും കൂട്ടി മുറുക്കിയുമൊക്കെ പഴമക്കാർ തറവാട്ടുമുറ്റത്ത് ഒത്തുചേർന്ന് തിരുവാതിര ആഘോഷിച്ചിരുന്നു.
ഐതീഹ്യം
ദക്ഷന്‍റെ പുത്രിയായ സതീദേവിയുടെ ഭര്‍ത്താവാണ് പരമശിവന്‍. പ്രജാപതികളുടെ യാഗത്തില്‍ പങ്കെടുക്കാനെത്തിയ ദക്ഷനെക്കണ്ട് മരുമകനായ പരമശിവന്‍ എഴുന്നേറ്റു നില്‍ക്കാത്തതിനാല്‍ കോപിഷ്ഠനായ ദക്ഷന്‍ ബൃഹസ്പതിസവനമെന്ന യാഗം നടത്താന്‍ തീരുമാനിച്ചു. ആ യാഗത്തില്‍ മകളായ സതീദേിവിയേയോ ഭര്‍ത്താവായ പരമശിവനെയോ ക്ഷണിച്ചില്ല. അച്ഛന്‍റെ യാഗമുണ്ടെന്നറിഞ്ഞ സതീദേവി പുത്രീ ധര്‍മ്മമാണെന്ന് കരുതി പോകാനായി ശിവനോട് അനു വാദം ചോദിച്ചു. ആദ്യം എതിര്‍ത്തെങ്കിലും സതിയുടെ നിര്‍ബന്ധത്തിനു വഴങ്ങി അനുവാദം കൊടുത്തു. യാഗത്തിനു ചെന്ന മകളെ അച്ഛന്‍ അവഗണിച്ചു.
അപമാനം കൊണ്ട് ദുഃഖിതയായ സതി അഗ്നികുണ്ഡത്തില്‍ ചാടി ജീവനൊടുക്കി. ദുഃഖത്താല്‍ ജഡകുടഞ്ഞലറിയ പരമ ശിവന്‍റെ ജഡയില്‍ നിന്നും പുറത്തുചാടിയ വീരഭദ്രനും ഭദ്രകാളിയും ദക്ഷയാഗം മുടക്കി ദക്ഷനെ വധിച്ചു. പത്നീ വിയോഗത്താല്‍ ദുഃഖിതനായ ശിവന്‍ ഹിമാലയത്തില്‍ ഘോരതപസാരംഭിച്ചു. ഇക്കാലത്താണ് ബ്രഹ്മാവില്‍ നിന്ന് വരംനേടിയ താരകാസുരന്‍ മൂന്നുലോകവും കീഴടക്കിയത്. ശിവനു പുത്രനായി ജനിച്ചിട്ട് ഏഴുനാള്‍ കഴിയാത്ത ഒരു ശിശുവിന് മാത്രമേ താരകാസുരനെ വധിക്കാന്‍ കഴിയൂ എന്നതായിരുന്നു ബ്രഹ്മാവിന്‍റെ വരം. ദേവന്മാരുടെ കഷ്ടസ്ഥിതി കണ്ട് ഇന്ദ്രനും ബ്രഹ്മാവും വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനോട് പോംവഴിയെന്തെന്നു ചോദിച്ചു.
ഇക്കാലത്തുതന്നെ സതീദേവി പാര്‍വതിയെന്ന പേരില്‍ ഹിമവാന്‍റെ പുത്രിയായി ജനിച്ച് ശിവനെ പരിചരിക്കാന്‍ തുടങ്ങിയിരുന്നു. ഘോരതപസിലായ ശിവനിതൊന്നും അറിഞ്ഞില്ല. കാമദേവനെ സമീപിച്ച് ശിവന് പാര്‍വതിയില്‍ അനുരാഗമുണ്ടാക്കിത്തീര്‍ക്കാനാണ് മഹാവിഷ്ണു ഉപദേശിച്ചത്. ശിവതപസ്സിന് ഭംഗം വരുത്തിയാല്‍ നാശം ഉറപ്പാണെന്ന് കാമദേവനറിവുണ്ടായിരുന്നെങ്കിലും ആ ദൗത്യം കാമദേവന്‍ ഏറ്റെടുത്തു. കാമദേവന്‍റെ കാമ ബാണമേറ്റ് ശിവന്‍ പാര്‍വതിയില്‍ അനുരക്തനായി. ആ നിമിഷത്തില്‍ തന്നെ ശിവന്‍റെ തൃക്കണ്ണിലെ കോപാഗ്നിയില്‍ കാമദേവന്‍ ചാമ്പലായി.
കാമദേവനില്ലാതായതോടെ ഭൂമിയിലെ ദാമ്പത്യജീവിതമാകെ കലുഷമായി. പരിഹാരത്തിനായി ഭൂമിയിലെ സ്ത്രീപുരുഷന്മാരും ദേവന്മാരും പാര്‍വതിദേവിയും കാമദേവന്‍റെ പത്നി രതീദേവിയുമൊക്കെ വ്രതാനുഷ്ഠാനത്തോടെ ധ്യാനനിരതനായി തപസ്സുതുടങ്ങി. ഇതില്‍ സന്തുഷ്ടനായ ശിവന്‍ കാമദേവനെ പുനരുജ്ജീവിപ്പിച്ചു. പാര്‍വതിയും ദേവന്മാരുമൊക്കെ അനുഷ്ഠിച്ച ഈ വ്രതത്തിന്‍റെ ഓര്‍മയ്ക്കായിട്ടാണത്രെ പരമശിവന്‍റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര നാളില്‍ വ്രതവുമൊക്കെയായി തിരുവാതിര ആഘോഷിക്കുന്നത്. ശിവന്‍ അമൃതമഥനശേഷമുണ്ടായ വിഷം ഭുജിച്ച് അന്നു രാത്രി ഉറങ്ങാതിരിക്കാന്‍ പാര്‍വതിയും തോഴിമാരും ആടിപ്പാടിയതിന്‍റെ ഓര്‍മിക്കലാണ് തിരുവാതിരയെന്നുള്ള മറ്റൊരു കഥയുമുണ്ട്.
തിരുവാതിരനക്ഷത്രം
ജ്യോതിഷപ്രകാരമുള്ള ഇരുപത്തേഴ് നക്ഷത്രങ്ങളില്‍ ആറാമത്തെ നക്ഷത്രമാണ് തിരുവാതിര. സംസ്കൃതത്തിലെ ആര്‍ദ്ര എന്ന പേര് മലയാളത്തില്‍ ആതിരയായി. ആതിരയോട് ബഹുമാന സൂചകമായി “തിരു’ കൂടി കൂട്ടിച്ചേര്‍ത്താണ് തിരുവാതിരയായത്. ഇംഗ്ലിഷില്‍ “ബീറ്റല്‍ ജ്യൂസ്’ എന്നും ജ്യോതിശാസ്ത്രത്തില്‍ ആല്‍ഫാ ഒറിയോണിസ് എന്നുമാണീ നക്ഷത്രം അറിയപ്പെടുന്നത്. പരമശിവന്‍റെ ജനനം തിരുവാതിര നക്ഷത്രത്തിലാണത്രെ.
തിരുവാതിരപ്പാട്ടുകളും കളിയും
തിരുവാതിരയാഘോഷത്തിന്‍റെ വിവിധ ചടങ്ങുകള്‍ക്കും കളികള്‍ക്കുമായി അനേകം പാട്ടുകളുണ്ട്. ഇതിന്‍റെ കര്‍ത്താക്കളാരാണെന്ന് കൃത്യമായ ഒരറിവുമില്ല. ഗംഗയുണര്‍ത്തുപാട്ട്, കുളം തുടിപ്പാട്ട്, ഊഞ്ഞാല്‍പ്പാട്ട്, സ്തുതികള്‍, പൂചൂടല്‍പാട്ട്, താലോലം പാട്ട്, തുമ്പി തുള്ളല്‍പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, കുമ്മിപ്പാട്ട് എന്നിവയാണിവ. തിരുവാതിരകളിക്കായി കുഞ്ചന്‍നമ്പ്യാരും രാമപുരത്തു വാര്യരും കുട്ടിക്കുഞ്ഞുതങ്കച്ചിയും ഇരയിമ്മന്‍ തമ്പിയുമൊക്കെ തിരുവാതിരപ്പാട്ടുകള്‍ എഴുതിയിട്ടുണ്ട്. കേരളീയ സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും തനതു ശൈലിയിലുള്ളവയാണ് തിരുവാതിരപ്പാട്ടുകളും തിരുവാതിരകളിയും. കേരളീയ സ്ത്രീകളുടെ തനതായ ലാസ്യനൃത്തമാണ് തിരുവാതിരകളി. ഗണപതി, സരസ്വതി സ്തുതിയോടെ ആരംഭിക്കുന്ന തിരുവാതിരകളി തുടര്‍ന്ന് പദങ്ങള്‍, കുറത്തി, കുമ്മി എന്നീ ക്രമത്തില്‍ പാടിക്കളിക്കുന്നു. ഇടയ്ക്കിടെ വായ്ക്കുരവയുടെ അകമ്പടിയുമുണ്ടായിരിക്കും. പണ്ടുകാലത്ത് അടുക്കളയില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് ജാതിഭേദമില്ലാതെ സ്വതന്ത്രമായി പാടിയാടിക്കളിക്കാന്‍ കിട്ടിയ ഒരേയൊരാ ഘോഷമായിരുന്നു തിരുവാതിര. തിരുവാതിരകളിയെ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തി പരിഷ്കരിച്ചത് തിരുവിതാംകൂറുകാരാണത്രെ.
തുടിച്ചുകുളി
പണ്ടൊക്കെ തിരുവാതിരയാഘോഷം ഒരാഴ്ചയ്ക്കുമുമ്പേ തുടങ്ങുമായിരുന്നു. കാര്‍ത്തികനാള്‍ മുതല്‍ സ്ത്രീകള്‍ പുലര്‍ച്ചെ ഉണര്‍ന്ന് കുളത്തിലോ പുഴയിലോ ഒത്തു ചേര്‍ന്ന് തുടിച്ചുകുളിക്കുന്നു. ജലവിതാനത്തിനുതാഴെ ഇടതുകൈ വിരലുകള്‍ അടച്ചുപിടിക്കാതെ ചുരുട്ടി വലതുകൈകൊണ്ട് ചെരിച്ച് വെള്ളം തട്ടിത്തെറിപ്പിക്കുന്ന രീതിയാണ് തുടിക്കല്‍. ഇതിനും പ്രത്യേക പാട്ടുണ്ട്.
‘ധനുമാസത്തില്‍ തിരുവാതിര
ഭഗവാന്‍റെ പിറന്നാളാണ്
ഭഗവതിക്കു തിരുനോയ്മ്പാണ്
ഉണ്ണരുതേ ഉറങ്ങരുതേ ….. ‘ എന്നു തുടങ്ങുന്നതാണ് തുടിച്ചുകുളിപ്പാട്ട്.
എട്ടങ്ങാടി
തിരുവാതിര നാളിലെ പ്രധാന ഭക്ഷണം എട്ടങ്ങാടിയാണ്. ജനുവരിയോടെ വിളഞ്ഞുപാകമാകുന്ന കിഴങ്ങുവര്‍ഗങ്ങളാണ് എട്ടങ്ങാടിയിലെ പ്രധാന ചേരുവകള്‍. കാച്ചില്‍, കൂര്‍ക്ക, ചേന, ചേമ്പ്, ചെറുകിഴങ്ങ്, പയറ്, തേങ്ങ, ഏത്തയ്ക്ക, ശര്‍ക്കര എന്നിവയാണ് എട്ടങ്ങാടിയ്ക്കുവേണ്ട സാധനങ്ങള്‍. എട്ടങ്ങാടി നിലവിളക്കിനു മുമ്പില്‍ നിവേദിച്ച് രണ്ടുമൂന്നു പാട്ടുകള്‍ പാടി വട്ടത്തില്‍ കളിച്ചശേഷം ഈ പ്രസാദം കഴിച്ചശേഷമാണ് തിരുവാതിരകളിയാരംഭിക്കുക. തിരുവാതിര നാളിൽ ദശപുഷ്പം ചൂടൻ എന്ന ആചാരവുമുണ്ട്.