ആസിഡ് എഴുതുമ്പോളും എഴുതിക്കഴിഞ്ഞപ്പോഴും ഒരു ലെസ്ബിയൻ പ്രണയകഥ എന്ന ആശയം സംഗീത ശ്രീനിവാസൻ എന്ന എഴുത്തുകാരിയുടെ മനസിൽ ഉണ്ടായിരുന്നില്ല. ഏത് തരം ബന്ധങ്ങളിൽ നിന്നും ഉണ്ടാകാവുന്ന ഒരു മാനസികാവസ്ഥയാണ് സംഗീത അന്വേഷിച്ചത്. സ്ത്രീ – സ്ത്രീ പ്രണയങ്ങളും സ്ത്രീ – പുരുഷ പ്രണയങ്ങളും പുരുഷ – പുരുഷ പ്രണയങ്ങളും എല്ലാം പ്രണയങ്ങൾ തന്നെ. പ്രണയം സുന്ദരമായ ഒരു പദമാണ്. ഭൂമിയുടെ ഭാഷ സ്‌നേഹമായിത്തീരട്ടെ എന്നാണ് സംഗീത ശ്രീനിവാസന്റെ പ്രാർത്ഥന.
പുതിയ ലോകത്തിന്റെ കഥപറയാനുള്ള ധീരമായ ശ്രമമാണ് സംഗീത ശ്രീനിവാസന്റെ ആസിഡ് എന്ന നോവൽ. ന്യൂജൻ ഭാഷയും ബന്ധങ്ങളുടെ സങ്കീർണ്ണതയും തിരിച്ചറിഞ്ഞ് രചിച്ച നോവലിൽ മനുഷ്യരുടെ വലിയ ബന്ധങ്ങളുടെ ലോകത്തെ അടയാളപ്പെടുത്തുന്നു. ലഹരിയുടെ ഉന്മാദങ്ങളെക്കുറിച്ചും അത് ബാക്കി നിർത്തി പോകുന്ന വല്ലായ്മകളെക്കുറിച്ചുമുള്ള സംഗീത ശ്രീനിവാസന്റെ ആഴത്തിലുള്ള മനോവിചാരങ്ങളാണ് ആസിഡിന്റെ ലഹരി.
ഓരോ മനുഷ്യരും സ്വന്തം ആഹ്‌ളാദങ്ങൾ തേടിയാണലയുന്നത്. പലരും പല വിധത്തിലാണതു കണ്ടെത്തുന്നതെന്നു മാത്രം. ഇവിടെ കമല അവളുടെ മനസ്സിന്റേയും ശരീരത്തിന്റേയും ഉന്മാദങ്ങളിൽ പെട്ട്, അതിലുഴറിക്കൊണ്ടു തന്നെ പ്രണയത്തിന്റെയും വിശ്വാസത്തിന്റെയും ഒരനന്തസാധ്യതയാണ് തേടിക്കൊണ്ടിരിക്കുന്നത്. സകലതിലും കുരുങ്ങിക്കിടക്കുന്ന മനുഷ്യന് യഥാർത്ഥത്തിലുള്ള പ്രണയവും സ്‌നേഹവും തിരിച്ചറിവും സാധ്യമാവാതെ പോകുന്നു.
മനസില്‍ സാങ്കല്പികമായ ഒരു അപരലോകം സൃഷ്ടിച്ച് അതില്‍ ജീവിക്കുന്ന സിയാദ് എന്ന ചെറുപ്പക്കാരന്റെ കഥപറഞ്ഞ അപരകാന്തി എന്ന നോവലിനു ശേഷം സംഗീത ശ്രീനിവാസന്‍ രചിച്ച പുതിയ നോവലാണ് ആസിഡ്.അപരകാന്തിയിലെന്നപോലെ വിചിത്രമായ മനോനിലകളുടെ അപരിചിതലോകത്തേക്ക് തന്നെയാണ് ആസിഡ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ലെസ്ബിയന്‍ പ്രണയത്തിന്റെ അമ്ലലഹരിയാണ് ആസിഡിന്റെ പ്രമേയം. മാധവനും ആദി, ശിവ എന്നീ ഇരട്ടക്കുട്ടികളുമൊത്ത് ജീവിച്ചിരുന്ന കമലയുടെ ജീവിതത്തിലേക്ക് അവളേക്കാള്‍ ഒരുപാട് പ്രായക്കുറവുള്ള ഷാലി കടന്നുവന്നതോടെയാണ് തകര്‍ച്ചയ്ക്ക് തുടക്കമായത്. ലെസ്ബിയന്‍ പ്രണയത്തിന്റെയും എല്‍.എസ്.ഡി അടക്കമുള്ള ലഹരിയുടെയും നാളുകള്‍ക്കിടയില്‍ മാധവന്‍ കമലയെ ഉപേക്ഷിച്ച് പോയി. ലഹരിയുടെ അമിതമായ ഉപയോഗം കമലയെ വിഷാദരോഗിയാക്കി.
ഓര്‍മ്മകളും സ്വപ്നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ട് സ്ത്രീകള്‍ നടത്തുന്ന സഞ്ചാരമാണ് ആസിഡ് എന്ന നോവല്‍. കമലയുടെയും ഷാലിയുടെയും പ്രണയത്തിന്റെയും കലഹത്തിന്റെയും കഥയില്‍ രണ്ട് കുട്ടികളുടെ ജീവിതവും കടന്നുവരുന്നു. അമ്ലലഹരിയില്‍ കൂടിക്കുഴയുന്നതും ചിതറിത്തെറിക്കുന്നതുമായ ഓര്‍മ്മകളുടെ ആവിഷകരണമെന്ന നിലയിലുള്ള ആഖ്യാനവും ഈ നോവലിനെ വേറിട്ട ഒന്നാക്കി മാറ്റുന്നു. ആസിഡിന്റെ രണ്ടാം ഡി സി പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 2016 ജൂണിൽ ആയിരുന്നു ആസിഡിന്റെ ആദ്യ പതിപ്പ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്.