കേരളത്തിലെ സുറിയാനി കൃസ്ത്യാനികളുടെ തനതു വിഭവങ്ങളുടെ പാചകവിധികളും ഒപ്പം ഗൃഹാതുരത ഉണർത്തുന്ന ഒരുപിടി പഴയകാല ഓർമ്മകളുമാണ് ലതിക ജോർജിന്റെ സുറിയാനി അടുക്കള എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം. നെല്ലറകൾ , കള്ളുഷാപ്പുകൾ നിശ്ചലജലാശയങ്ങൾ ,നെൽപ്പാടങ്ങൾ , തുടങ്ങി വിവിധങ്ങളായ സ്മരണകളിലേക്ക് നമ്മെ നയിക്കുന്ന ഒരു യാത്രാവിവരണം കൂടിയാണിത്.പാരമ്പര്യ തനിമ അല്പം പോലും ചോർന്നു പോകാതെ വളരെ ലളിതമായാണ് ഇതിലെ ഓരോ വിഭവങ്ങളുടെയും പാചകക്രമം വിവരിച്ചിട്ടുള്ളത്. മനോഹരമായ ചിത്രങ്ങളോട് കൂടിയ പാചകരീതികളിലൂടെയാണ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പൈതൃകത്തിലൂടെയാണ് സുറിയാനി അടുക്കള നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഇന്നത്തെ സുറിയാനി കൃസ്ത്യാനികൾ തങ്ങളുടെ പൂർവ്വികരുടെ സാംസ്കാരിക പാചക പൈതൃകത്തിൽ ആഴമായ വേരുകളുള്ള ഒരു സമൂഹമാണ്. തങ്ങളെ സ്വാധീനിച്ചിട്ടുള്ള വിവിധ സംസ്കാരങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കേരളത്തിന്റെ സമൃദ്ദിയെ അവ മുഴുവനായും പ്രയോജനപ്പെടുത്തുന്നു. നമ്മുടെ നാട്ടിലെ സസ്യങ്ങളും കടൽ വിഭവങ്ങളും , മാംസം , പയർ വർഗ്ഗങ്ങൾ , ധാന്യങ്ങൾ , കായകൾ , ഇലകൾ , വിത്തുകൾ എന്നിവയുടെ ആഘോഷമാണ് നമ്മുടെ ഓരോ ഭക്ഷണവേളകളും.
സുറിയാനി അടുക്കള വെറുമൊരു പാചകപുസ്തകം മാത്രമല്ല. കേരളത്തിലെ സുറിയാനികളെന്നറിയപ്പെടുന്ന സിറിയൻ കൃസ്ത്യാനികളുടെ ചരിത്രവും , പാരമ്പര്യവും , ജീവിതവും , പരമ്പരാഗതമായ ജീവിതരീതികളും , വേഷങ്ങളും , ആഘോഷങ്ങളും , അവരുടേതെന്നു മാത്രം അവകാശപ്പെടുന്ന ഒട്ടു പാത്രങ്ങളും , ഉരുളികളും , നാടൻ ഭക്ഷണങ്ങളുടെ വീട്ടിൽ തയ്യാറാക്കിയ ചേരുവകളുമെല്ലാം വിശദമാക്കുന്ന ഒരു സമ്പൂർണ്ണ സുറിയാനി ഗ്രന്ഥമാണ് സുറിയാനി അടുക്കള.
പാചകം ചെയ്യുന്ന ചില നിമിഷങ്ങളുടെ ആസ്വാദനം കഥാരൂപത്തിൽ വിതറിയിട്ടുണ്ട് ലേഖിക ലതികാ ജോർജ്. ഗ്രന്ഥത്തിൽ ലതികയുടെ തറവാടിനെയും , കുടുംബാംഗങ്ങളും എല്ലാം വായനക്കാർക്ക് പരിചയപെടുത്തുന്നുണ്ട്. ജനിച്ചത് ബോംബായിലാണെങ്കിലും ലതിക ഇപ്പോൾ താമസിക്കുന്നത് കേരളത്തിലാണ്. പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് മഹാരാജാസ് കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ പ്രിയ ജോസ് കെ ആണ്.