സമകാലിക മലയാള കഥയുടെ ദീപ്തവും വൈചിത്ര പൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന പരമ്പരയാണ് ഡി സി ബുക്‌സിന്റെ കഥാഫെസ്റ്. പുതിയ കാലത്തിന്റെ എഴുത്തും എഴുത്തുകാരും സാഹിത്യലോകത്ത് അടയാളപ്പെടുത്തുന്ന സൃഷ്ടികളുടെ അർഹിക്കുന്ന അംഗീകാരം. ആ പരമ്പരയിൽ ഉൾപ്പെടുത്തിയ കഥാ സമാഹാരമാണ് പി ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദർശനം.
മതഭ്രാന്തുകൊണ്ട് പൊറുതിമുട്ടുന്ന സമകാലിക സംഭവങ്ങളിടെ പശ്ചാത്തലത്തിൽ ജിംഷാറിന്റെ പുസ്തകത്തിന്റെ പടച്ചോന്റെ ചിത്രപ്രദർശനം എന്ന പേരും ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. പുസ്തകത്തിന്റെ പേരിൽ പ്രതിഫലിക്കുന്ന മതചിന്ത കാരണം കഥാകാരന് ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങേണ്ടതായി വന്നു. ജാതിയും മതവും എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തിനു മുകളിൽ ആയുധം പ്രയോഗിക്കപ്പെടുമ്പോൾ കീഴടങ്ങി കൊടുക്കേണ്ടി വരുന്നത് നമ്മുടെ സാംസ്കാരിക അഭിവൃദ്ധിയാണ്. ഓഗസ്റ്റ് 2016 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോൾ ഡി സി ബുക്സ് പുറത്തിറക്കിയിരിക്കുന്നത്.
ചില ജീവിതങ്ങൾ ആകസ്മികമായി നേരിടുന്ന അപകടങ്ങൾ അടിമുടി തകർത്തു കളയുന്നത് ആ ജീവിതത്തെ അപ്പാടെയാവും. എന്തുതന്നെയായാലും ജീവിതവും അതിനുചുറ്റും നടക്കുന്നതുമെല്ലാം ദൈവത്തിന്റെ ചിത്രപ്രദർശനം തന്നെയാകും. ആ ചിത്രങ്ങൾ ചിലപ്പോൾ ഒരു അടയാളപ്പെടുത്തലാകാം, അല്ലെങ്കിൽ മുൻവിധികളുമാകാം. എന്തായാലും അക്ബറിന്റേയും അസ്മാബിയുടെയും ജീവിതത്തിൽ ആ ചിത്രങ്ങൾ കൊണ്ടുവന്നത് എന്താണെന്നു കൃത്യമായി പറയുക മാത്രമാണ് പടച്ചോന്റെ ചിത്രപ്രദർശനം എന്ന കഥയിലൂടെ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്.
പടച്ചോന്റെ ചിത്രപ്രദർശനം , ആംഗ്രി ഫ്രോഗ് അഥവാ ഗട്ടറിൽ ഒരു തവള. മേഘങ്ങൾ നിറച്ചു വച്ച സിഗരറ്റുകൾ , തൊട്ടാവാടി . മരണം പ്രമേയമാക്കിയ ഒരു ന്യൂ ജെനറേഷൻ കഥ. , ഉപ്പിലിട്ടത് , മുണ്ടൻ പറമ്പിലെ ചെങ്കൊടി കണ്ട ബദര് യുദ്ധം , ചുവന്ന കലണ്ടറിലെ ഇരുപത്തിയെട്ടാം ദിവസം , ഫെമയിൽ ഫാക്ടറി തുടങ്ങിയ കഥകളാണ് ജിംഷാറിന്റെ പടച്ചോന്റെ ചിത്ര പ്രദർശനം എന്ന കഥാസമാഹാരത്തിലുള്ളത്.
കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും കൂടി പടര്‍ന്നുപിടിക്കുന്ന വീഡിയോ ഗെയിം വിപ്ലവത്തെ വിമര്‍ശനവിധേയമാക്കി രചിച്ച കഥയാണ് ‘ആങ്ഗ്രി ഫ്രോഗ് അഥവാ ഗട്ടറില്‍ ഒരു തവള’. മയക്കുമരുന്നിന്റെ ലഹരിയും അമിതാസക്തിയും ചേര്‍ന്നപ്പോള്‍ ലോക്കപ്പിലായ സിനിമാക്കാരനാണ് ‘മേഘങ്ങള്‍ നിറച്ചുവെച്ച സിഗരറ്റുകളി’ലെ നായകന്‍. ഒരു മണിക്കൂറിനുള്ളില്‍ വകവരുത്തേണ്ടിയിരുന്ന മൂന്ന് മലയാളികളില്‍ ഒരാളെ മാത്രം കാലന്‍ കൊല്ലുകയും മറ്റ് രണ്ടുപേരെ വെറുതെ വിടുകയും ചെയ്തതിനെക്കുറിച്ചാണ് ‘മരണം പ്രമേയമാക്കിയ ഒരു ന്യൂജനറേഷന്‍ കഥ’ പറയുന്നത്.
ജിംഷാറിന്റെ ”ഭൂപടത്തില്‍ നിന്ന് കുഴിച്ചെടുത്ത കുറിപ്പുകള്‍ എന്ന നോവൽ ഡി സി കിഴക്കെമുറി സ്മാരക നോവല്‍ അവാര്‍ഡിന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ജിംഷാറിന്റെ എന്നിലേക്ക് എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധേയമാകുകയും നിരവധി ബഹുമതികള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു.