വിപ്ലവകാരിയായ കാര്‍ട്ടൂണിസ്റ്റായിരുന്ന വിജയന്‍ തന്റെ വരകളില്‍ ചിരിയുടെയും ചിന്തയുടെയും ലോകമാണ് സൃഷ്ടിച്ചത്. ശങ്കേഴ്‌സ് വീക്കിലി, ഹിന്ദു, പയനിയര്‍, ഫാര്‍ ഈസ്‌റ്‌റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലാണ് എഴുത്തുകാരനായ ഒ വി വിജയനിലെ കാര്‍ട്ടൂണിസ്റ്റിനെ ലോകം അറിഞ്ഞുതുടങ്ങിയത്. വിജയന്റെ കാര്‍ട്ടൂണുകളുടെ ശക്തിയും തീഷ്ണതയും സമകാലീനതയും ദാര്‍ശനികതയുമെല്ലാം എക്കാലത്തും പ്രസക്തമാണ്. നാലുനാള്‍ നീണ്ടുനില്‍ക്കുന്ന കെഎല്‍എഫില്‍റെ വേദിയിലൂടെ ഒ വി വിജയന്റെ കാര്‍ട്ടൂണുകള്‍ വീണ്ടും വെളിച്ചം കാണുകയാണ്. ഫെബ്രുവരി 2 മുതല്‍ 5 വരെ കോഴിക്കോട് നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മുഖ്യാകര്‍ഷണമാണ് ട്രാജിക് ഇടത്തിലെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം. ഒ വി വിജയന്‍ വരകില്‍ തീര്‍ത്ത പ്രശസ്തവും പ്രവചനാത്മകവും ചിന്തനീയവുമായ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പൊള്ളത്തരങ്ങളെയാണ് വിജയന്‍ തന്റെ കാര്‍ട്ടൂണിലൂടെ പൊളിച്ചടുക്കിയത്. ഗാന്ധിജിയും നെഹ്‌റുവും ഇന്ദിരയും രാജീവും വരെ ഒ.വി.വിജയന്റെ കാര്‍ട്ടൂണുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇന്ത്യയിലെ നീണ്ടകാല രാഷ്ട്രീയ സംഭവങ്ങളുടെ കാഴ്ചകളാണ് വിജയന്റെ മിക്ക കാര്‍ട്ടൂണുകളിലും വിഷയമാക്കിയിരിക്കുന്നത്. ഐ.എം.എഫിന്റെ ചങ്ങലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ദിരാഗാന്ധിയും സ്വയം പരിഹാസ്യനാകുന്ന മാവോയും ക്രൂരതയുടെ പ്രതീകമായി ചിത്രീകരിക്കുന്ന സിയാ ഉള്‍ഹക്കും വിജയന്റെ കാര്‍ട്ടൂണുകളില്‍ കേന്ദ്രകഥാപാത്രമാണ്.
യുവതലമുറയുടെ ചിന്തയെയും കാഴ്ചപ്പാടുകളെയും തിരുത്താന്‍ കെല്പ്പുള്ള ഇത്തരം കാര്‍ട്ടൂണുകള്‍ കാണാനും ലേകമാതൃകയിലുള്ള സാഹിത്യ സംഗമത്തില്‍ പങ്കാളിയാകാനും സാഹിത്യപ്രേമികള്‍ക്കും അവസരമുണ്ട്.