പാചകലോകം കടലുപോലെ വിശാലമാണ്. നാവിന്റെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്താൻ സാധിക്കുന്ന വിഭവങ്ങൾ രാജ്യത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് പ്രചാരത്തിലെത്തും എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ ഇന്ന് ഏറെ പ്രചാരത്തിലുള്ള വിഭവങ്ങളാണ് ചൈനീസ് തായ് വിഭവങ്ങൾ. ഇത്തരം വിഭവങ്ങൾക്കായി നാമെല്ലാം ഹോട്ടലുകളെയാണ് സാധാരണ ആശ്രയിക്കുന്നത് . എന്നാൽ നമ്മുടെ സ്വന്തം അടുക്കളയിലും തയ്യാറാക്കാൻ സാധിക്കുന്ന ചൈനീസ് തായ് വിഭവങ്ങളുടെ ലളിതമായ വിവരണമാണ് സുജിത മനോജിന്റെ ചൈനീസ് തായ് പാചകം എന്ന പുസ്തകത്തിൽ പറയുന്നത്.
ഷെഷ്വാന്‍ റൈസ്, തായ് സ്‌പൈസി റൈസ്, എഗ്ഗ് ഹക്ക നൂഡില്‍സ്, സിങ്കപ്പൂര്‍ സ്ട്രീറ്റ് നൂഡില്‍സ്, ചിലി മഷ്‌റൂം, ബ്രോക്കോളി മഞ്ചൂരിയന്‍, ഡ്രാഗണ്‍ ചിക്കന്‍, ഓറഞ്ച് ചിക്കന്‍, ഹോങ്കോങ് ചിക്കന്‍, ചില്ലി പ്രോണ്‍സ്, സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ്, സ്റ്റഫ്ഡ് ടോഫു…. ഒരു ചൈനീസ് മെനു വായിക്കുന്നതു പോലെയുണ്ടല്ലേ. ഇതെല്ലാം തന്നെ തനിമ ചോരാതെ അനായാസമായി നിങ്ങൾക്കും പാകം ചെയ്യാനുപകരിക്കുന്ന പാചകക്കുറിപ്പുകളുടെ സമാഹാരമാണ് ചൈനീസ് തായ് പാചകം. വിവിധതരം നൂഡില്‍സുകള്‍, റൈസുകള്‍, വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, സൂപ്പുകള്‍, സ്‌നാക്‌സുകള്‍ എന്നിവയുടെ കൃത്യതയാര്‍ന്ന പാചകക്കൂട്ടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫുഡ് ബ്ലോഗര്‍, ഫുഡ് സയന്റിസ്റ്റ്, ഫുഡ് കോളമിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയയായ സുജിത മനോജ് ആണ് ചൈനീസ് തായ് പാചകം എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പപ്പടം പഴം പായസം എന്ന റെസിപ്പി പോര്‍ട്ടലിന്റെ സ്ഥാപക കൂടിയാണ് സുജിത.
എന്നാൽ തുടങ്ങാം , ഒരു തകർപ്പൻ പ്രാതലിൽ നിന്ന് തന്നെ നമുക്കാരംഭിക്കാം , പാചകകലയുടെ വിശാലമായ ലോകത്തേക്ക് ഏവർക്കും സ്വാഗതം.