സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവും കൊണ്ട് ജീവസ്സുറ്റതാക്കുന്ന കഥകളാണ് സി.എസ്. ചന്ദ്രികയുടേത്. അതിന് ഉത്തരമോദാഹരണമാണ് എന്റെ പച്ചക്കരിമ്പേ എന്ന കഥാസമാഹാരത്തിലെ കഥകള്‍. സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ സി.എസ്.ചന്ദ്രിക എഴുതിയ മരണത്തിനിപ്പുറം, പാനപാത്രം, സിംഹമൂത്രം, ദേവഗാന്ധാരി തുടങ്ങി 11 കഥകളുടെ സമാഹാരമാണ് എന്റെ പച്ചക്കരിമ്പേ എന്ന കഥാസമാഹാരം.
ഒരു പെണ്ണെഴുത്തുകാരിയും ഇന്നുവരെ ചെയ്തിട്ടില്ലാത്ത വിധം പെണ്ണുടലിനെക്കുറിച്ച് ഉപന്യസിക്കുന്ന കഥയാണ് ‘പാനപാത്രം’. ഗര്‍ഭപാത്രം ചുമക്കേണ്ടിവരുന്നു എന്ന കാരണത്താല്‍ ഉടല്‍പരമായും മാനസികവുമായി പെണ്ണ് അനുഭവിക്കേണ്ടിവരുന്ന സന്ത്രാസം പങ്കിടാന്‍ ശ്രമിക്കുകയാണ് പുരുഷന്‍ ചെയ്യേണ്ടതെന്ന് ഈ കഥ വിളിച്ചുപറയുന്നു. സ്ത്രീയുടെ ലോകത്തെ സിംഹങ്ങളെ പരിചയപ്പെടുത്തുന്ന കഥയാണ് ‘സിംഹമൂത്രം’. അന്തിമവിശകലനത്തില്‍ നഷ്ടപ്രണയത്തിന്റെ കഥയാകുന്നതാണ് ‘ദേവഗാന്ധാരി’. പ്രണയത്തിന്റെ ഭാഷ പരിഷ്‌കരിക്കുന്ന രചനയാണ് ‘എന്റെ പച്ചക്കരിമ്പേ’. ഇങ്ങനെ വ്യത്യസ്തമായ പ്രമേയങ്ങളുമായി പെണ്ണനുഭവങ്ങളുടെ വ്യത്യസ്തതലങ്ങളെ പരിചയപ്പെടുത്തുകയാണ് ഇതിലെ ഒരോ കഥയും.
എന്റെ പച്ചക്കരിമ്പേ എന്ന സമാഹാരത്തിലെ എല്ലാ കഥകളിലും പെണ്ണനുഭവങ്ങളും പെണ്‍കാഴ്ചകളുമുണ്ടെന്ന് എം.മുകുന്ദന്‍ അവതാരികയില്‍ പറയുന്നു. എങ്കിലും സമാഹാരത്തിലെ കഥകളെ പെണ്‍കഥകള്‍ എന്ന് വിളിക്കാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നില്ല. പകരം, പെണ്‍സന്ത്രാസത്തിന്റെ രചനകള്‍ എന്ന് വിളിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഥാകൃത്ത്, നോവലിസ്റ്റ്, സാമൂഹ്യശാസ്ത്രജ്ഞ, ഫെമിനിസ്റ്റ്, ഗവേഷക എന്നീ നിലകളില്‍ ശ്രദ്ധേയയായ സി.എസ്.ചന്ദ്രികയുടെ കഥകള്‍ ഇംഗ്ലിഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. തോപ്പില്‍ രവി സാഹിത്യ പുരസ്‌കാരം ലഭിച്ച ക്ലെപ്‌ടോമാനിയ, ഭൂമിയുടെ പതാക, ലേഡീസ് കംപാര്‍ട്ട്‌മെന്റ് തുടങ്ങിയ കഥാസമാഹാരങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.