ഇക്കുശുമുത്തു തന്റെ മുപ്പതു വർഷക്കാലത്തെ തോട്ടിപ്പണിക്കിടയിൽ ഓരോ കാലത്തും കക്കൂസുകളുടെ അറ്റകുറ്റം പോക്കാൻ വീട്ടുകാരെ പ്രേരിപ്പിച്ചതെല്ലാം മകനെ കരുതി മാത്രമായിരുന്നു. തന്റെ ജോലി മകന് കൈമാറി മരിക്കണമെന്നാണ് ആ വൃദ്ധൻ ആഗ്രഹിച്ചത്. അത് സാധിച്ചു. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാൻ ആശിർവദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു.
എന്നാൽ തന്റെ മകനായ മോഹനൻ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം ചുടലമുത്തുവിന്റെ മനസ്സിൽ ഒരു അഗ്‌നിപർവ്വതം പോലെ പുകഞ്ഞു കൊണ്ടിരുന്നു. തോട്ടിയിൽ നിന്ന് ശ്‌മശാനപാലകനായി മാറുമ്പോൾ അയാൾ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടർന്നുപിടിച്ച കോളറ ചുടലമുത്തുവിനെ വിഴുങ്ങുന്നതോടെ മോഹനൻ നിരാശ്രയനായി തീരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ മോഹനനും തോട്ടിയായി മാറുന്നു. തന്റെ മുൻതലമുറക്കാരായ ഇശക്കുമുത്തുവിനെയോ ചുടലമുത്തുവിനെയോ പോലെ ആയിരുന്നില്ല മോഹനൻ . നഗര മാലിന്യത്തിന്റെ നടുവിൽ നിൽക്കുമ്പോഴും മനസ്സിൽ തീരുമാനിച്ചുറപ്പിച്ച ആ അഗ്നിനാളം കത്തിപ്പടരുകയായിരുന്നു. സ്വന്തം വർഗ്ഗത്തിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിന് അവൻ സംഘടിപ്പിച്ച തൊഴിലാളി സംഘടനയെ അയാളിൽ അന്തർലീനമായി കിടന്നിരുന്ന തന്റെ തലമുറയുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക വഞ്ചിച്ചു. അവൻ പണം സമ്പാദിച്ചു. മകനെ പഠിപ്പിച്ചു….
പക്ഷെ തോട്ടിയുടെ മകനെ മനുഷ്യനായി കാണാൻ കഴിയില്ലെന്ന കയ്പുള്ള സത്യം വരച്ചുകാട്ടുകയാണ് കുട്ടനാടിന്റെ ഇതിഹാസ കഥാകാരൻ തകഴി തോട്ടിയുടെ മകൻ എന്ന നോവലിൽ. അന്നത്തെ തൊഴിലാളി വർഗ്ഗത്തിന്റെ , സമൂഹത്തിൽ മാന്യമായൊരു, ജീവിതം പുലർത്തണമെന്ന ചിന്തയെയും അതിനു സാധിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസീക വ്യഥകളെയും തോട്ടിയുടെ മകൻ തുറന്നു കാണിക്കുന്നു. പുസ്തകത്തിന്റെ പതിനഞ്ചാം പതിപ്പ് ഇപ്പോൾ പുറത്തിറങ്ങി.
ആലപ്പുഴപട്ടണത്തിലെ തോട്ടികളുടെ നരക തുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ച തകഴിയുടെ പ്രസിദ്ധമായ നോവൽ , മലയാള നോവൽ സാഹിത്യം യാഥാർത്ഥ്യങ്ങളെ തേടിത്തുടങ്ങിയ കാലഘട്ടത്തിലാണ് പിറവിയെടുക്കുന്നത് . അയാഥാർത്ഥ്യങ്ങളിൽ നിന്നും നോവലിനെ പറിച്ചെടുത്ത് യാഥാർത്ഥ്യങ്ങളിൽ പ്രതിഷ്ഠിക്കുകയായിരുന്നു തകഴി. 1947 ലാണ് തോട്ടിയുടെ മകൻ ആദ്യമായി പ്രസിദ്ധീകരിച്ചത്. 1996 സെപ്റ്റംബറിൽ ആണ് പുസ്തകത്തിന്റെ ആദ്യ ഡിസി പതിപ്പിറങ്ങിയത്.