അബീശഗിന്…ശൂനോംകാരത്തി സുന്ദരി…ദാവീദിന്റെയും ശാലോമോന്റെയും വെപ്പാട്ടികളിലൊരുവളായി മാത്രം ചരിത്രരേഖകളിലൊതുങ്ങാനായിരുന്നു അവളുടെ വിധി. അധികാരത്തിന്റെ തേരോട്ടങ്ങള്‍ക്കും പങ്കുവെയ്ക്കലുകള്‍ക്കുമിടയില്‍ സ്വന്തം അസ്ഥിത്വം തന്നെ നഷ്ടപ്പെട്ടവളാണ് അബീശഗിന്‍. അവളുടെ മനസ്സിന്റെ വിങ്ങലുകള്‍ അക്ഷരത്താളുകളില്‍ ബെന്യാമിന്‍ കോറിയിട്ടപ്പോള്‍ അതില്‍ വിരിഞ്ഞത് ഒരു അനശ്വര പ്രണയകഥയാണ്. അവളെ യിസ്രായേലിന്റെ രാധയെന്നോ വൈശാലിയെന്നോ വിശേഷിപ്പിക്കാമെന്ന് എഴുത്തുകാരന്‍ തന്നെ പറയുന്നു.
സത്യവേദപുസ്തകത്തിലെ രാജാക്കന്‍മാര്‍ ഒന്നാം പുസ്തകത്തിലാണ് അബീശഗിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ദാവീദ് രാജാവ് പടുവൃദ്ധനായപ്പോള്‍ അവനെ കമ്പിളി കൊണ്ട് പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല. ആകയാല്‍ അവന്റെ ഭൃത്യന്‍മാര്‍ രാജാവിന്റെ ശുശ്രൂഷകയായും പുതപ്പായും ശൂനേം കാരത്തി അബീശഗിനെ കൊണ്ടുവന്നു. അതി സുന്ദരിയായിരുന്നു അവള്‍…
പഴയനിയമ പുസ് തകത്തില്‍ നാം കാണുന്ന അബീശഗിന്‍ എന്ന പെണ്‍കുട്ടി ദാവീദ് രാജാവിന്റെയും പിന്നെ ശലോമോന്റെയും ആയിരക്കണക്കിന് വെപ്പാട്ടികളില്‍ ഒരുവള്‍ മാത്രമാണ്. മറ്റുള്ള വെപ്പാട്ടിമാര്‍ക്ക് അവരുടെ പേരുകള്‍ പോലും നഷ്ടപ്പെട്ടപ്പോള്‍ അബീശഗിന് തന്റെ പേരില്‍ അറിയപ്പെടാനുള്ള ഭാഗ്യമെങ്കിലും ലഭിച്ചു.
നൂറ്റാണ്ടുകള്‍ക്കിപ്പുറം അവളുടെ മനസ്സു കാണാനും ഒരാളുണ്ടായി. രാജാക്കന്‍മാരുടെയും പ്രവാചകന്‍മാരുടെയും വീരകഥകള്‍ക്കൊപ്പം അബീശഗിന്റെവീഞ്ഞിനേക്കാള്‍ മാധുര്യമുള്ള പ്രണയകഥയും അങ്ങനെ മലയാളി നെഞ്ചേറ്റുകയാണ് ബെന്യാമിന്റെ തൂലികയിലൂടെ. ബൈബിളിന്റെ പശ്ചാത്തലത്തില്‍ നിന്ന് ബെന്യാമിന്‍ നെയ്‌തെടുത്ത പ്രണയകഥയാണ് അബീശഗിന്‍. അബീശഗിന്റെയും ശാലോമോന്റെയും അനശ്വരമായ പ്രണയകാവ്യമാണ് ഈ പുസ്തകത്തിലൂടെ നോവലിസ്റ്റ് പറഞ്ഞുവെച്ചത്.
ശലോമോന്റെ വെപ്പാട്ടിപ്പുരകളില്‍ ജീവിതം ഹോമിച്ച നൂറുകണക്കിന് യിസ്രായേല്‍
പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ് ബെന്യാമിന്‍ അബീശഗിന്‍ എന്ന നോവല്‍ രചനയിലേക്ക് കടന്നത്. ഉത്തമഗീതത്തിന്റെ സാന്ദ്രസംഗീതം കൊണ്ട് ധന്യമായരു പ്രണയകഥയാണ് ശലോമോന്റെയും അബീശഗിനിന്റെയും ജീവിതങ്ങളില്‍നിന്ന് ബെന്യാമിന്‍ കണ്ടെടുത്തത്.
ശലോമോന്റെ കൗമാരത്തില്‍ മധുരമുന്തിരിച്ചാറുപോലെ അവനെ വന്നു തൊട്ട അബീശഗിനുവേണ്ടി അക്രോത്തിലെ മുന്തിരിത്തോട്ടത്തില്‍ ഉറക്കമൊഴിച്ച് കിന്നരം മീട്ടി അവന്‍ പ്രണയഗീതങ്ങള്‍ ആലപിച്ചു.അവല്‍ക്കുവേണ്ടി രാജാധികാരം വലിച്ചെറിയാന്‍ പോലും ശലോമോന്‍ തയ്യാറായി. പില്‍ക്കാലത്ത് അനേകം ഭാര്യമാര്‍ക്കും വെപ്പാട്ടിമാര്‍ക്കുമൊപ്പം കഴിയുമ്പോഴും മനസ്സില്‍ അവള്‍ മാത്രമായിരുന്നു. ഒടുവില്‍ തന്നെ ഹൃദയം പോലെ സൂക്ഷിക്കാന്‍ അവള്‍ മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവില്‍ ‘എന്റെ ശൂനേം കാരത്തീ മടങ്ങിവരുക’എന്ന ഞരക്കത്തോടെ പിതാക്കന്‍മാരുടെ നിദ്രയിലേക്ക് അവന്‍ കണ്ണുകളടയ്ക്കുന്നതോടെ ആ പ്രണയം അനശ്വരമാവുകയാണ്.
മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള പ്രണയനോവലുകളില്‍ എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്ന ഒന്നാണ് അബീശഗിന്‍. ഇത് 2006ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. കറന്റ് ബുക്‌സായിരുന്നു പ്രസാധകര്‍..പിന്നീട് 2013 ലാണ് ഈ നോവലിന് ഒരു ഡി സി പതിപ്പുണ്ടാകുന്നത്. ഇപ്പോള്‍ അബീശഗിന്റെ എട്ടാമത് ഡി സി പതിപ്പാണ് പുറത്തുള്ളത്.