ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാട് കഥകളുണ്ട്. ആ കഥകളുടെ ലോകത്തേക്ക് കൊച്ചു കൂട്ടുകാരെ കൈപിടിച്ചുയർത്തുകയാണ് മാമ്പഴം. വൈവിധ്യം നിറഞ്ഞ ആ ലോകത്തെ വർണ്ണാഭമായ കഥകൾ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതായിരിക്കും. ഡി സി യുടെ കൊച്ചു കൂട്ടുകാർക്കായി ഡിസി ബുക്സ് മാമ്പഴം പ്രസിദ്ധീകരിക്കുന്ന എസ്കിമോകളുടെ നാടോടി കഥകളുടെ സമാഹാരമാണ് കരടിയെ വളർത്തിയ സ്ത്രീ.
അടുത്തകാലം വരെ എസ്കിമോകളുടെ അഥവാ മഞ്ഞു മനുഷ്യരുടെ സംസ്കാരത്തെ പറ്റി വലിയ ധാരണയൊന്നും പുറം ലോകത്തിനില്ലായിരുന്നു. അതുകൊണ്ടു തന്നെ എസ്കിമോകളുടെ ഈ നോടോടിക്കഥകൾ വളരെ വ്യത്യസ്തമായൊരു ജീവിതാനുഭവവും , പ്രപഞ്ചാനുഭവവും പ്രദാനം ചെയ്യുന്നു. ഭൂതം , പക്ഷിഭാര്യ , അതിഥി , കുള്ളന്മാർ , കരടിയെ വളർത്തിയ സ്ത്രീ തുടങ്ങി പ്രമേയത്തിലും സന്ദേശത്തിലും പുതുമ പുലർത്തുന്ന നാൽപത്തിയാറ് കഥകളാണ് കരടിയെ വളർത്തിയ സ്ത്രീ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അയല്പക്കത്തെ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കണ്ടു അസൂയ മൂത്ത മന്ത്രവാദിനിയ്ക്ക് സംഭവിച്ച മരണവും , കരടിയെ വളർത്തി അതിനെ പിരിയാന് വയ്യാതെ സങ്കടത്തിലായ സ്ത്രീയുടെയും കഥകൾ വളരെ പുതുമയേറിയതാണ്.ഇത്തരത്തിൽ പേരിലും , പ്രമേയത്തിലും വൈവിധ്യത നിറഞ്ഞ കഥകൾ പുനരാഖ്യാനം ചെയ്തിരിക്കുന്നത് വിനോദ് കുമാർ എം കെ ആണ്. ചിത്രങ്ങൾ കെ ആർ രാജിയാണ് വരച്ചിരിക്കുന്നത്.