ആളുകളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള ഉപകരണമായി അസഹിഷ്ണുത ഉപയോഗിക്കപ്പെടുകയാണെന്ന് എഴുത്തുകാരൻ സക്കറിയ. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എക്കാലവും സമൂഹത്തില്‍ അസഹിഷ്ണുത നിലനിന്നിരുന്നു. ആളുകളുടെ മനസില്‍ ജാതി, മതം തുടങ്ങിയ പല ബലംപിടുത്തങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ, ഇന്ന് അസഹിഷ്ണുത ഒരു രാഷ്ട്രീയ ആയുധമായി എന്നതാണ് ഒരു പ്രധാന വിത്യാസമെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെ പ്രവൃത്തികള്‍ വിലയിരുത്തുമ്പോള്‍, ഈ അസഹിഷ്ണുത പോലും വലിയ സംഭവമല്ല എന്ന് തോന്നിപ്പോകും. കാരണം, ഇതെല്ലാം വ്യാപാരമാക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. അതുവഴി, അസഹിഷ്ണുതക്ക് സമൂഹത്തില്‍ നീതികരണം കിട്ടുകയാണ്. മാധ്യമങ്ങളാണ് അസഹിഷ്ണുതക്ക് സമൂഹത്തില്‍ സ്വീകാര്യത ഉണ്ടാക്കുന്നത് . മാധ്യമങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം വിഷലിപ്തമായ നിലപാടുകള്‍ക്ക് സമൂഹത്തില്‍ ഇടം ലഭിക്കുന്നു. ബഹ്റൈനില്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. എല്ലാ മൂല്യസമ്പ്രദായങ്ങളെയും വലിച്ച് തോട്ടിലെറിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. വിപണമൂല്യമുള്ള എന്തും ഉപയോഗപ്പെടുത്തുക എന്നതാണ് നമ്മുടെ രീതി. മാധ്യമങ്ങളാണ് ഇതിന് വഴിയൊരുക്കിയതെന്നും സക്കറിയ പറഞ്ഞു.
വെള്ളാപ്പള്ളി നടേശനും മറ്റും നടത്തുന്ന വിഷമയമായ പ്രസ്താവനകളെ വലിയ പ്രസക്തിയോടെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ എന്താണെന്ന് വിലയിരുത്തിയല്ല റിപ്പോര്‍ട്ടിന് പ്രാധാന്യം നല്‍കുന്നത്. വലിയ മൂലധന താല്‍പര്യങ്ങളുമായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ലാഭത്തിനും വളര്‍ച്ചക്കുംവേണ്ടി എന്തും ചെയ്യാം എന്ന അവസ്ഥയിലേക്ക് അവര്‍ മാറിയിരിക്കുന്നു. വിവിധ പദ്ധതികളില്‍ മാധ്യമങ്ങള്‍ നടത്തുന്നത് വലിയ നിക്ഷേപമാണ്. അന്ധവിശ്വാസമുള്‍പ്പെടെയുള്ള കാര്യങ്ങളെ ഒരു വിപണന ഉല്‍പന്നമായാണ് മാധ്യമങ്ങള്‍ കാണുന്നത്.
മാധ്യമങ്ങള്‍ ദീര്‍ഘകാലമായി പൊതുസമൂഹത്തില്‍ ഇടപെടുന്നുണ്ട്. ജനാധിപത്യവും വോട്ടെടുപ്പും വന്നതോടെ, അധികാരത്തിനായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്താം എന്ന അവസ്ഥവന്നു. വിജയവും പരാജയവും നിര്‍ണയിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടു. മാധ്യമങ്ങള്‍ ‘രക്തം രുചിച്ച’ കാലമാണ് വിമോചന സമരത്തിന്റെ കാലം. ഇതിന് ശേഷം എഡീഷനുകളും മറ്റും വന്നതോടെ, ശക്തമായ മത്സരം മാധ്യമങ്ങള്‍ക്കിടയില്‍ തന്നെ വന്നു. വെള്ളം ആദ്യം കലക്കുക, എന്നിട്ട് മീന്‍ പിടിക്കുക എന്നാണ് ഇന്ന് മാധ്യമങ്ങളുടെ രീതി.
ഓരോ എഡിഷനുകള്‍ക്കും വേണ്ടി ജാതിയെയും മതങ്ങളെയും ഉപയോഗപ്പെടുത്തുകയാണ് പത്രങ്ങള്‍. ഒരു പ്രമുഖ പത്രം തിരുവനന്തപുരത്ത് തങ്ങളുടെ വിപണന തന്ത്രമായെടുത്തത് മൂന്നു പരിപാടികളായിരുന്നു. അതില്‍ ഒന്നാണ് ആറ്റുകാല്‍ പൊങ്കാല. തിരുവനന്തപുരത്ത് നൂറോ നൂറ്റമ്പതോ പേര്‍ മാത്രം പങ്കെടുത്തിരുന്ന ഒരു പരിപാടിയായിരുന്നു ആറ്റുകാല്‍ പൊങ്കാല. അതൊരു കാര്‍ണിവലാക്കി മാറ്റിയത് ആ പത്രമാണ്. ബീമാപള്ളിയെയും വെട്ടുകാട് പള്ളിയെയുമെല്ലാം ചുറ്റിപ്പറ്റി ഇത്തരം ശ്രമങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല. ഇവിടെയെല്ലാം മാധ്യമങ്ങള്‍ അടിസ്ഥാന ധാര്‍മികത കൈവിടുകയാണെന്ന് സക്കറിയ കുറ്റപ്പെടുത്തി.
ടിവിയുടെ വരവോടെ പത്രങ്ങളുടെ അധഃപതനം പൂര്‍ണമായി എന്നുപറയാം. അതോടെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി മത്സരമായി. സത്യബോധം എന്ന ഒന്ന് മാധ്യമ മേഖലയില്‍നിന്നും പുറത്തായി. വാര്‍ത്തകളെ ഇഷ്ടപ്പെടുന്ന മലയാളി സമൂഹത്തിന്റെ തകര്‍ച്ചയിലേക്കാണ് ഇത് നയിക്കുന്നത്. ആരെയും വലുതാക്കാനും ചെറുതാക്കാനും മാധ്യമങ്ങള്‍ക്കു കഴിയുന്നു എന്ന നില വന്നു.
വിപണമൂല്യമുള്ള എന്തും ഉപയോഗപ്പെടുത്തുക എന്ന നമ്മുടെ രീതിയുടെ ഭാഗമാണ് പിസി ജോര്‍ജിനെയൊക്കെ മാധ്യമങ്ങള്‍ പ്രെെംടൈമില്‍ ഉപയോഗപ്പെടുന്നതെന്നും സക്കറിയ പറഞ്ഞു. അത്യന്തം അപകടകരമായ നിലയാണ് ഇന്ന് സമൂഹത്തില്‍ മാധ്യമങ്ങള്‍ ഉണ്ടാക്കിയത്. മാധ്യമലോകത്ത് ഒരു നവോഥാനം തന്നെ ഉണ്ടാകേണ്ടതുണ്ട്. ആ വെളിച്ചമുണ്ടാകേണ്ടത് ഇതില്‍ നിക്ഷേപം നടത്തിയ മുതലാളിമാര്‍ക്കാണ്. യൂറോപ്പില്‍ എല്ലാം പത്രമാധ്യമങ്ങളും ഇത്തരമൊരു മൂല്യ ബോധം നിലനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.