1959 ല്‍ പ്രസിദ്ധീകരിച്ച പാത്തുമ്മയുടെ ആട് എന്ന നോവലിന് `പെണ്ണുങ്ങളുടെ ബുദ്ധി` എന്നൊരു പേരും ഗ്രന്ഥകര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് `പാത്തുമ്മയുടെ ആട്` എന്ന നോവല്‍. കണ്ണീരിനെ പൊട്ടിച്ചിരിയാക്കിമാറ്റുന്ന ജീവിത -ഗ്രാമീണ ബിംബങ്ങളാണ് കഥയിലുടനീളം വന്നുപോകുന്നത്. ഒരു കുടുംബത്തിൽ വെച്ച് ഒരു വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങൾ അതിനെ തന്നെ എങ്ങിനെ തകർക്കുന്നു എന്ന് ബഷീർ കാണിച്ചു തരുന്നു. 54 വര്‍ഷം മുമ്പ് മലയാള സാഹിത്യത്തിലേക്ക് അഴിച്ചുവിട്ട ആട് ബഷീറിന്റെ വീട്ടുമുറ്റത്തും കിടപ്പുമുറിയിലും നിന്ന് വായനാമുറികളിലേക്കും അനുവാചക ഹൃദയങ്ങളിലേക്കും കടന്ന് ഇന്ന് വിശ്വസാഹിത്യത്തിലെ മഹത്ഗ്രന്ഥങ്ങള്‍ക്കൊപ്പം മേയുകയാണ്. തലമുറഭേദമില്ലാതെ നമ്മള്‍ മലയാളികള്‍ വായനാമുറിയിലെ ഇതിഹാസമായി കരുതുന്ന പുസ്തകമാണ് പാത്തുമ്മയുടെ ആട്.
മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരനാണ് ബഷീര്‍ എന്നു പറയുന്നതുപോലെ ആസ്വാദനം ആവശ്യമില്ലാത്ത അനേകം ബഷീര്‍ കൃതികളില്‍ ഒന്നാണ് പാത്തുമ്മയുടെ ആട്. വായനാശീലം അല്പമെങ്കിലുമുള്ള ഒരാള്‍ ഈ ആടിനെ പരിചയപ്പെട്ടിരിക്കും. അതുകൊണ്ടാണ് കാലമിത്ര കടന്നുപോയിട്ടും ഓരോ വര്‍ഷവും ഈ കൃതിക്ക് പുതിയ പതിപ്പ് ഇറക്കേണ്ടിവരുന്നത്.
1959ലാണ് ബഷീര്‍ പാത്തുമ്മയുടെ ആട് രചിക്കുന്നത്. 1979ല്‍ ആദ്യ ഡി സി പതിപ്പിറങ്ങി. 57 മത്തെ വർഷം പുസ്തകത്തിന്റെ 41 ാം പതിപ്പാണ് ഡി സി ബുക് സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്നും തങ്ങളുടെ വായനാമുറിയിലെ വിശുദ്ധ ഇതിഹാസമായി കരുതുന്ന പുസ്തകമാണ് പാത്തുമ്മയുടെ ആട്.
ബഷീറിന്റെ രണ്ട് സഹോദരിമാരിൽ മൂത്തത് പാത്തുമ്മയാണ്. പാത്തുമ്മയ്ക്കും ഭർത്താവ് കൊച്ചുണ്ണിക്കും ഖദീജ എന്നൊരു മകളുണ്ട്. ബഷീറിന്റെ സഹോദരങ്ങളിൽ തറവാട്ടിൽ നിന്ന് മാറിത്താമസിക്കുന്നത് പാത്തുമ്മ മാത്രമാണ്. എങ്കിലും എല്ലാ ദിവസവും രാവിലെത്തന്നെ മകളേയും കൂട്ടി അവർ തറവാട്ടിലെത്തും. അവരുടെ വരവ് ഒരു “സ്റ്റൈലിലാണ്” എന്നാണ് ബഷീർ പറയുന്നത്. പാത്തുമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട് “എന്റെ ആട് പെറട്ടെ , അപ്പൊ കാണാം”. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും കുടുംബത്തിന്റെ വളർച്ചക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സ്ത്രീയാണവർ.
പാത്തുമ്മ പറഞ്ഞിരുന്നതു പോലെ ഒരിക്കൽ പാത്തുമ്മയുടെ ആട് പെറ്റു. ആട്ടിൻ പാൽ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടിന്റെ വാതിൽ നന്നാക്കുന്നതുൾപ്പെടെ പലതും ചെയ്യണമെന്നു പാത്തുമ്മ വിചാരിച്ചിരുന്നു. പക്ഷേ തന്റെ കുടുംബക്കാർക്കു വേണ്ടി ആടിന്റെ പാൽ കൈക്കൂലിയായി പാത്തുമ്മക്ക് ഉപയോഗിക്കേണ്ടി വന്നു. ഒരിക്കൽ ബഷീറിനെ തന്റെ വീട്ടീലേക്ക് ക്ഷണിക്കുന്നു. പത്തിരിയും കരൾ വരട്ടിയതും വെച്ച് സൽക്കരിക്കുന്നു. എന്നാൽ പാത്തുമ്മയുടെ മറ്റു സഹോദരങ്ങളായ അബ്ദുൽ ഖാദറിനും ഹനീഫക്കും ഇത് സഹിക്കാൻ പറ്റുന്നില്ല. പാത്തുമ്മായുടെ ഭർത്താവ് അവർക്കു കടപ്പെട്ടിരുന്ന പണത്തിന്റെ പേരിൽ ഭർത്താവിനേയും പാത്തുമ്മായേയും മകൾ ഖദീജയേയും ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസുകൊടുക്കുമെന്നും ആടിനെ ജപ്തിചെയ്യിക്കുമെന്നും സഹോദരങ്ങൾ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് പാത്തുമ്മക്ക് ആട്ടുംപാൽ കൈക്കൂലിയായി ഉപയോഗിക്കേണ്ടി വന്നത്. കൈക്കൂലിയായി നേരേ കിട്ടുന്ന പാലിനു പുറമേ, പാത്തുമ്മ അറിയാതെ ആടിന്റെ പാൽ അവർ കറന്നെടുക്കുകയും ചെയ്തിരുന്നു.
എല്ലാ കാലത്തിലുമുള്ള എല്ലാ മനുഷ്യര്‍ക്കുമായി കഥ പറഞ്ഞ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ . ഓരോ തലമുറയും അദ്ദേഹത്തെ അതാത് കാലഘട്ടത്തിന്റെ എഴുത്തുകാരനായി കണക്കുകൂട്ടുന്നു. ബഷീര്‍ രചനകളുടെ കാലാതീതവും പ്രസരിപ്പാര്‍ന്നതുമായ ആ സൗഹൃദം ഉപേക്ഷിക്കാതെ ഇനിയും കേരളത്തിലെ തലമുറകള്‍ നെഞ്ചേറ്റുമെന്ന് തീര്‍ച്ച.