തിരക്കുപിടിച്ച ഈ വര്‍ത്തമാനകാലത്ത് വ്യക്തിജീവിതം വളരെ കലുഷിതമായിരിക്കുന്നു. കുടുംബം, വിദ്യാലയം, തൊഴില്‍ ശാല, പൊതുരംഗം എന്നിവിടങ്ങളില്‍ നിന്നുമാത്രമല്ല സ്വന്തം ശരീരത്തില്‍ നിന്നും മനസ്സില്‍നിന്നുംകൂടി ഓരോ വ്യക്തിയും സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു. ഇതില്‍പ്പെട്ടു മനസ്സുമുറിപ്പെട്ട് ദുഃഖിതരായും വിഷാദരോഗത്തിന് അടിമപ്പെട്ടും ജീവിതത്തില്‍ അടിപതറിവീഴുന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ മുന്‍കോപത്തിനു കാരണമാകുന്നു. അതുനിമിത്തം പല ബന്ധങ്ങളും സ്ഥാനങ്ങളും നഷ്ടപ്പെടുത്തുന്നവരുമുണ്ട്. ഇവിടെ പോംവഴി മാനസികസംഘര്‍ഷങ്ങളെ നേരിടാനുള്ള ചൈതന്യവും ഊര്‍ജ്ജവും പ്രതികരണശേഷിയും കൈവരിക്കുക എന്നതുമാത്രമാണ്. അതിന് മനസ്സിനെയും അതിന്റെ സ്വഭാവസവിശേഷതകളെയും അറിയുക എന്നതാണ് അടിയന്തരാവശ്യം. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഡി സി ബുക്‌സ് പുറത്തിറക്കിയ മനഃശാസ്ത്ര ഗ്രന്ഥാവലി എന്ന പുസ്തക പരമ്പരയിലെ മനസ്സിനെ അറിഞ്ഞ് കോപത്തെ നിയന്ത്രിക്കാം, മനസ്സും സ്‌നേഹവും എന്നീ പുസ്തകങ്ങള്‍ നിങ്ങളെ സഹായിക്കും. അതായത് നിത്യജീവിതത്തില്‍ ആവശ്യമായ മനഃശാസ്ത്രാവബോധം പകര്‍ന്നുനല്‍കി ദൈനംദിനജീവിതം സുഖപ്രദമാക്കാനുള്ള പ്രായോഗിക ജീവിതപാഠങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകങ്ങള്‍. സാംജി വടക്കേടമാണ് ഈ പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
സ്‌നേഹം ..എന്താണെന്ന് തിരച്ചറിയാനും ദൈനംദിജീവിതം സ്‌നേഹത്താല്‍ പ്രകാശിപ്പിക്കാനും കുറേ പ്രായോഗിക മനശാസ്ത്രപാഠങ്ങള്‍ പറഞ്ഞുതരുകയാണ് മനസ്സും സ്‌നേഹവും എന്നപുസ്തകത്തില്‍. സ്‌നേഹത്തിന്റെ അവലോകനം, സ്‌നേഹത്തിന്റെ ആവിഷ്‌കാരം എന്നീ രണ്ട്ഭാഗങ്ങളിലായി സ്‌നേഹത്തിന്റെ വിവിധവശങ്ങളെ വിലയിരുത്തുകയും ശൈശവത്തിലും കൗമാരത്തിലും യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും എങ്ങനെയാണ് ഒരുവനെ സ്‌നേഹക്കേണ്ടതെന്നും സ്‌നേഹത്തിന്റെ സവിശേഷതകളെയും ചില കഥകളുടെയും കവിതകളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു. സ്‌നേഹം കൊണ്ട് എല്ലാത്തിനെയും തോല്പ്പിക്കാമെന്നും ഈ പുസ്തകം പറയുന്നു.
എന്നാല്‍ കോപം അത്ര വെറുക്കപ്പെടേണ്ട ഒന്നാണോ? ആര്‍ക്കും തോന്നുന്ന ഒരു വികാരമായ കോപത്തെ പലരും വെറുക്കുന്നു. എന്നാല്‍ പാകപ്പെടുത്തിയാല്‍ ഇത്രയേറെ സുന്ദരമായ മറ്റൊരു വികാരമില്ലെന്ന് മനസ്സിനെ അറിഞ്ഞ് കോപത്തെ നിയന്ത്രിക്കാം എന്ന പുസ്തകത്തിലൂടെ സാംജി ചൂണ്ടിക്കാട്ടുന്നു. പ്രകടിപ്പിക്കേണ്ട വ്യക്തിയോട്, പരിമിതമായ അളവില്‍, അനുയോജ്യമായ സമയത്ത്, ശരിയായ രീതിയില്‍ കോപിക്കുമ്പോള്‍ കോപം ദോഷം ചെയ്യുന്നില്ല. കോപത്തെ നിയന്ത്രിക്കാനുള്ള വഴികള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സന്തോഷകരവും സമാധാനപൂര്‍ണ്ണവുമായ ഒരു ജീവിതം സ്വന്തമാക്കാന്‍ സാധിക്കും. അതായത് മനസ്സിനെ അറിഞ്ഞ് കോപത്തെ നിയന്ത്രിക്കുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്താല്‍ ജീവിതവിജയം നേടാം. ആറ് അദ്ധ്യായങ്ങളിലായി നമ്മുടെ മനസ്സിനെ വരുതിയിലാക്കി കോപത്തെ നിയന്ത്രിച്ച് ജീവിതവിജയം നേടാനുള്ള വിജയമന്ത്രങ്ങള്‍ പങ്കുവയ്ക്കുന്നു.
നിരവധി വായനക്കാരെ പ്രചോദിപ്പിച്ച, ജീവിതവിജയത്തിലെത്തിച്ച ഈ പുസ്തകങ്ങള്‍ ഡി സി ലൈഫ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇവയുടെ കോപ്പി നിങ്ങള്‍ക്കും ഉപകാരപ്രദമാകും..!