മംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കള്‍ക്ക് തെണ്ടിത്തിരിയേണ്ടി വരികയും ചെയ്തു. ഒരു കുടിലുകെട്ടാന്‍ സ്ഥലം യാചിച്ചെത്തിയ കുഞ്ഞുവറീതിന്റെ മക്കള്‍ പിന്നീട് പണക്കാരായി മാറി. ജാതീയമായ അവശതകള്‍ക്കെതിരെ സമരം നയിച്ച്, കുഞ്ഞന്റെ മക്കള്‍ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രക്കളും ആയി പല അവസരങ്ങളിലും അവര്‍ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും തൊട്ട് അയല്‍ക്കാര്‍ തന്നെയായിരുന്നു.
പത്മനാഭപിള്ളയുടേയും കുഞ്ഞന്റെയും കുഞ്ഞുവറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക- സാംസ്‌കാരിക രംഗങ്ങളില്‍ ഒരു കാലഘട്ടത്തിലുണ്ടായ പരിവര്‍ത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്‌കരിക്കുകയാണ് പി കേശവദേവ്. അയല്‍ക്കാരില്‍ .ഒരു കാലഘട്ടത്തിന്റെ പുനര്യാഖ്യാനം സാദ്ധ്യമാക്കുന്ന നോവല്‍ തികച്ചും വ്യത്യസ്തമായ വായനാനുഭവം സമ്മാനിച്ചതിനാല്‍ കേരളം ആവേശപൂര്‍വ്വം ഈ കൃതിയെ ഏറ്റെടുത്തു.
കേരളത്തിലെ സാമൂഹിക പരിവർത്തനങ്ങളുടെ ചരിത്രത്തിൽ ശ്രദ്ധേയമായ മൂന്നു സംഗതികളാണ് കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തിന്റെ തകര്‍ച്ച, ജാതീയമായ അവശതകള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഈഴവ സമുദായത്തിന്റെ വിജയകരമായ സ്വാതന്ത്ര്യ സമരം, ക്രിസ്ത്യന്‍ സമുദായത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ച എന്നിവ. ഈ മൂന്നു പരിവര്‍ത്തനങ്ങളെ മൂന്ന് കുടുംബങ്ങളിൽ പ്രതിഫലിപ്പിക്കുന്ന നോവലാണ് അയല്‍ക്കാര്‍. ഒരു കാലഘട്ടത്തിന്റെ എല്ലാത്തരം സമരവീര്യവും സംഘര്‍ഷങ്ങളും വേദനകളുമാണ് അയല്‍ക്കാരില്‍ നിറഞ്ഞു നില്‍ക്കുന്നത്.
കേരളത്തിനലിന്നു ജീവിച്ചിരിക്കുന്നവരിൽ അമ്പതു വയസ്സ് കഴിഞ്ഞവരെല്ലാം വമ്പിച്ച പരിവർത്തനങ്ങളിലൂടെ ഒഴുകിപ്പോന്നവരാണ്. ആ പരിവർത്തനങ്ങളുടെ കയ്പ്പും മാധുര്യവും വേദനകളും ആഹ്ലാദങ്ങളും അവരുടെ നാവിൽ നിന്നും മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല. ആ അനുഭവങ്ങൾക്ക് കെ പി കേശവദേവ് കൊടുത്ത സാഹിത്യരൂപമാണ് അയൽക്കാർ എന്ന നോവലിന്റെ വിജയം. 1963ല്‍ പ്രസിദ്ധീകരിച്ച നോവല്‍ 1964ല്‍ കേശവദേവിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തു. 1995 ലാണ് നോവലിന്റെ ആദ്യ ഡിസി പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ പതിനാറാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.
മലയാള നോവലിസ്റ്റും ചിന്തകനും വാഗ്മിയുമായ പി കേശവദേവ് 1905 ഓഗസ്റ്റില്‍ ജനിച്ചു. പ്രൈമറി വിദ്യാലയത്തില്‍ തന്നെ പഠനം അവസാനിപ്പിച്ച അദ്ദേഹം സ്ഥിരപ്രയത്‌നം കൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലും അറിവ് നേടി. 1930കളില്‍ മലയാള കഥാസാഹിത്യത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നല്കി. എണ്‍പതോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ഓടയില്‍ നിന്ന് ആണ്. ഭ്രാന്താലയം, റൗഡി, കണ്ണാടി, സ്വപ്‌നം, എനിക്കും ജീവിക്കണം, ഞൊണ്ടിയുടെ കഥ, വെളിച്ചം കേറുന്നു, ആദ്യത്തെ കഥ, എങ്ങോട്ട് എന്നിവയാണ് മറ്റു പ്രധാന കൃതികള്‍ . 1983 ജൂലൈ ഒന്നിന് അന്തരിച്ചു.