കാന്‍സര്‍…! കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലെവിടിയൊ മുളപൊട്ടുന്ന ഭയം..പേടി..ഒരു തരം മരവിപ്പ്..ശൂന്യത…എന്നാല്‍ കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ പിടിയലകപ്പെട്ടവരുടെ അവസ്ഥയോ.? ചിന്തിച്ചിട്ടുണ്ടോ അവരെപ്പറ്റി..? മരണത്തെ മുന്നില്‍ കണ്ട് മരണം വരുന്നതും കാത്ത് ജീവിച്ചുകൊതിതീരാതെ…വേണ്ടപ്പെട്ടതും വേണ്ടപ്പെട്ടവരെയും പാതിവഴിയില്‍ ഉപക്ഷിച്ച്..നിത്യതയിലേക്ക് അമരുന്നവരെക്കുറിച്ച്…?
മരണത്തിനും ജീവിതത്തിനുമിടയിലുള്ള ആ അവസ്ഥവളരെ ദയനീയമാണ്. അവിടെ തളര്‍ന്നുപോയാല്‍…പിന്നെ ജീവിതമില്ല..രോഗത്തില്‍നിന്നും മോചനവുമില്ല. എന്നാല്‍ കാന്‍സറിനെ മനോധൈര്യംകൊണ്ട് അതിജീവിച്ച് ജീവിതത്തിലേക്ക് പഴയപടി തിരിച്ചെത്തിയവരുടെ കഥയും നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെ മരണത്തിന്റെ കൈയ്യില്‍ നിന്നും ജീവിതം തിരിച്ചുപിടിച്ച ഒരു ഡോക്‌റുടെ അനുഭവകഥപറയുകയാണിവടെ…!
“ആയുസ്സിന്റെ പുസ്തകത്തിലെ അവസാന താളുകള്‍ കണ്‍മുന്നില്‍ മറിയുന്നതുകണ്ട് തളര്‍ന്നുപോയ നിമിഷങ്ങള്‍. പ്രിയപ്പെട്ടവരെയെല്ലാം പിരഞ്ഞ് പ്രിയപ്പെട്ടതെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് കൂട്ടിക്കൊണ്ടുപോകുവാന്‍ മുന്നില്‍ വന്നുനില്‍ക്കുന്ന മരണത്തിന്റെ കൂടെ ഇറങ്ങിപ്പോകാന്‍ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു. എനിക്ക് ജീവിച്ച് കൊതിതീര്‍ന്നിട്ടില്ലായിരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് മനഃസംയമനം പാലിച്ച് അര്‍ബുദരൂപത്തില്‍ വന്ന മരണത്തെ ധൈര്യപൂര്‍വ്വം നേരിട്ട് തോല്പിക്കുകയല്ലാത എനിക്കു മുന്‍പില്‍ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല” എന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു..തൃശ്ശൂര്‍ ചിറക്കോട് വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജനും ചലച്ചിത്രനടനുമായ ഡോ എം ബി സുനില്‍കുമാറാണ് തന്റെ കറുത്തനാളുകളെകുറിച്ച് ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം എന്ന ഓര്‍മ്മക്കുറിപ്പില്‍ തുറന്നെഴുതുന്നത്.
അര്‍ബുദരോഗികള്‍ക്കും രോഗ ചികിത്സാ-സാന്ത്വന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സ്വയം അര്‍പ്പിച്ചവര്‍ക്കും വേണ്ടിയാണ് ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം എന്ന ഓര്‍മ്മക്കുറിപ്പ് അദ്ദേഹം തയ്യാറാക്കിയിക്കുന്നത്. കൊച്ചി ലേക്‌ഷേര്‍ ആശുപത്രിയുടെ മരുന്നുമണക്കുന്ന മുറിക്കുള്ളില്‍ കഴിച്ചുകൂട്ടിയതും, തിരുവനന്തപുരം ആര്‍സിസിയിലേക്ക് ചികിത്സയ്‌ക്കെത്തിയതും കാന്‍സര്‍ രോഗവിദഗ്ദ്ധന്‍ ഡോ വി പി ഗംഗാധരനെ കണ്ടുമുട്ടിയതും, അദ്ദേഹത്തിന്റെ സാന്ത്വനവാക്കുകളും ജീവിതം തിരികെപ്പിടിക്കാന്‍ സഹായിച്ച വ്യേട്ടനെക്കുറിച്ചുമെല്ലാം അദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്.
ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുനടക്കുമ്പോഴാണ് അതു ശ്രദ്ധിക്കപ്പെടുന്നത്. പ്രശംസിക്കപ്പെടുന്നത്. അങ്ങനെ തിരികെ ജീവിതത്തിലേക്കു നടന്ന ഒരു വ്യക്തിയാണ് ഡോ എം ബി സുനില്‍കുമാറെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പുസ്തകത്തിലെ ഒരോ താളും കാന്‍സര്‍ രോഗികളുടെ മനസ്സിനെ തൊട്ടുണര്‍ത്താന്‍ തീര്‍ച്ചയായും സഹായിക്കും. അനേകം കാന്‍സര്‍രോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുനടക്കാനുള്ള മൃതസഞ്ജീവനിയായി ഇത് മാറട്ടെ എന്നും ഡോ. വി പി ഗംഗാധരന്‍ അവതാരികയില്‍ ആശംസിക്കുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.