കടന്നുപോയ ജീവിതകാലങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്ന പോലെ പിന്തിരിഞ്ഞു നോക്കുകയാണ് നമ്മുടെ പ്രിയ നടൻ മുകേഷ്. ആ കാഴ്ചകൾ മുകേഷ് ആവിഷ്കരിക്കുമ്പോൾ അതിന് കഥയുടെ ചാരുതയുണ്ടാകുന്നു. അത് ചിരിയും നോവുമുണർത്തുന്നു. ഇതിൽ സിനിമയുണ്ട് ജീവിതമുണ്ട്. ഒപ്പം മുകേഷിന്റെ സ്വതസിദ്ധമായ നർമ്മത്തിൽ ചാലിച്ച കുസൃതിത്തരങ്ങളും.മുപ്പത്തിമൂന്ന് കൊല്ലമായി സിനിമയിൽ അഭിനയരംഗത്ത് നിൽക്കുന്ന മുകേഷ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ചിരിയുടെ പൂരമൊരുക്കുന്ന മുകേഷ് തന്റെ രചനകളിലും നർമ്മം അന്തര്‍ലീനമാക്കിയിരിക്കുകയാണ്.
മുകേഷ് കഥകള്‍ വീണ്ടും എന്നാണു മുകേഷിന്റെ പുസ്തകത്തിന്റെ പേര്. ജീവിതത്തിന്റെ നേരും നര്‍മ്മവും, മുകേഷ് ബാബു ആന്‍ഡ് പാര്‍ട്ടി ഇന്‍ ദുബായ് എന്നീ പുസ്തകങ്ങളിലൂടെ ജീവിതത്തിന്റെ നേരുകളില്‍ നിന്ന് നര്‍മ്മം സൃഷ്ടിക്കുകയായിരുന്നു മുകേഷ്. അവയുടെ തുടര്‍ച്ചയാണ് മുകേഷ് കഥകള്‍ വീണ്ടും. ചിരി, ജീവിതം, സിനിമ എന്നിവയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുകയാണ് ഈ പുതിയ പുസ്തകത്തിലൂടെ. ഇക്കുറി ബാല്യം മുതലുള്ള മുഹൂര്‍ത്തങ്ങള്‍ മുകേഷ് ഓര്‍മ്മിച്ചെടുക്കുന്നു.
കുസൃതിയായ ബാലന്‍ ജോയ്‌മോന്‍ കൊല്ലം എസ്.എന്‍.കോളേജിലെ മുകേഷ് ബാബുവാകുന്നതും സിനിമയിലെ നായകനാകുന്നതും ഒക്കെ സ്വതസിദ്ധമായ ശൈലിയില്‍ മുകേഷ് ആവിഷ്‌കരിക്കുന്നു. ഇതിനദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത് നര്‍മ്മം നിറഞ്ഞ ജീവിതാനുഭവങ്ങളാണ്. ജീവിതത്തിലെയും സിനിമയിലെയും ചിരി ഇതില്‍ തെളിഞ്ഞുകിടക്കുന്നു.എഴുതാൻ തുടങ്ങിയപ്പോൾ മുകേഷിന്റെ മുന്നിലെ പാഠപുസ്തകമായിരുന്നു ഇന്നസെന്റ്. ഇന്നസെന്റിന്റെ അനുഭവമായിരുന്നു മുകേഷിനുള്ള പാഠം.
ഇന്നസെന്റ് ഓർമ്മകളെഴുതിയപ്പോൾ ഉറ്റ സുഹൃത്തുക്കളെല്ലാം ശത്രുക്കളായി.പണ്ടുണ്ടായ അബദ്ധങ്ങൾ എന്തിന് വെച്ചു വിളമ്പുന്നു എന്നായിരുന്നു അവരുടെ നിലപാട്. പണ്ടത്തെ ദാരിദ്ര്യം പറയൽ ഇപ്പോഴത്തെ സാമ്പത്തിക നിലയ്ക്ക് അവർക്ക് നാണക്കേടായി. ഇതെല്ലം അറിയാവുന്നതു കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് മുകേഷ് എഴുതി തുടങ്ങിയത്. ആളുകളെല്ലാം അസഹിഷ്ണുക്കളാകുന്നു.സ്വഭാവത്തിൽ മോശം വരുന്ന കാര്യം ആർക്കും സഹിക്കാൻ പറ്റുന്നില്ല.ഇല്ലാത്ത നല്ല കാര്യങ്ങളെഴുതിയാൽ അവർക്ക് സന്തോഷമായി.ഇതാണ് ഇപ്പോഴത്തെ സമൂഹം.
മുകേഷിന്റെ അടുത്ത ചങ്ങാതിയായിരുന്ന ഉണ്ണിത്താനെക്കുറിച്ചുള്ള കഥകൾ എഴുതിയപ്പോഴും ഇത്തരത്തിൽ ഒരനുഭവം മുകേഷിനുണ്ടായി. ഈ പുസ്തകത്തില്‍ ഒരു വലിയ ഭാഗം നിറയെ. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഈ കഥകളിലൂടെ കടന്ന് ഒടുവില്‍ ഉണ്ണിത്താനു സംബന്ധിച്ച ദുരന്തം വാായിക്കുമ്പോള്‍ വായനക്കാരുടെയും കണ്ണുകള്‍ നിറയും. അതിനെ ചൊല്ലി ഉണ്ടായ പൊട്ടലും ചീറ്റലുകളുമൊക്കെ പുസ്തകത്തിൽ മുകേഷ് വിവരിക്കുന്നു. അതിലൂടെ ജീവിതമെഴുത്ത് തനിക്ക് നര്‍മ്മം മാത്രമല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മുകേഷ്.വെള്ളിനക്ഷത്രം സിനിമാവാരികയില്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ മുകേഷ് കഥകള്‍ വീണ്ടും അദ്ദേഹത്തിന്റെ മുന്‍ പുസ്തകങ്ങള്‍ പോലെതന്നെ വായനക്കാരെ ആകര്‍ഷിക്കുന്നതാണ്. മുകേഷ് കഥകൾ വീണ്ടും എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ ഇറങ്ങിയത്.