മലയാളസാഹിത്യരംഗത്ത് ഇടിമുഴക്കമായി മാറിയ കവിതകള്‍ എഴുതുകയും ചൊല്ലുകയും ചെയ്ത പടയണിതാളത്തിന്റെ കൂട്ടുകാരന്‍ കടമ്മനിട്ട രാമകൃഷ്ണനെക്കുറിച്ച് മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരി എഴുതുന്നു.
കടമ്മനിട്ടയെ ഓര്‍ക്കുമ്പോള്‍
കടമ്മനിട്ടയെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് ഞാന്‍ ആദ്യം അദ്ദേഹത്തെ കണ്ട ദൃശ്യമാണ്. അന്ധകാരം നിറഞ്ഞ ഒരു വേദി. വേദിയും കാണികളുമെല്ലാം ഇരുട്ടില്‍. ഒരു കൊളുത്തിയ പന്തം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പരുക്കനായ ഒരു കറുന്ന മനുഷ്യന്‍ കയറിവന്നു. ഒരു കാവി മുണ്ടുമാത്രമുടുത്ത്, നഗ്നമായ മാറിടവുമായി കയ്യിലെ പന്തത്തിന്റെ വെളിച്ചത്തില്‍ നിവര്‍ന്നു നിന്ന് ഉറക്കെ പാടുന്നു. “നെഞ്ഞത്തൊരു പന്തംകുത്തി വരുന്നു കാട്ടാളന്‍!…. ഇടിമുഴക്കത്തിന്റെ ആഴവും കനവുമുണ്ടായിരുന്നു ആ ശബ്ദത്തിനും വാക്കുകള്‍ക്കും. ആദ്യത്തെ ചൊല്‍ക്കാഴ്ച അങ്ങനെ തിരുവനന്തപുരത്തു പിറന്നുവീണു. അതാണ് കടമ്മനിട്ട രാമകൃഷ്ണന്‍, എന്ന് ആരോ പറഞ്ഞുതന്നു. ആ പേര് കേരളകവിതയുടെ താളുകളിലൂടെയായിരിക്കമം എനിക്ക് പരിചിതമായിരുന്നു.- എങ്കിലും കണ്ടത് അന്നാദ്യം.
പിന്നീട് എത്രയോവട്ടം കണ്ടു. കവിയരങ്ങുകളില്‍ ഒന്നിച്ചു കവിതചൊല്ലി, കവിതയിലൂടെ പരിചയം ദൃഢമായി. ഏറ്റവുമടുത്ത് സൈലന്റ് വാലി വിവാദകാലത്താണ്. ഇക്കഥ ആവര്‍ത്തനവിരസമായിക്കഴിഞ്ഞെങ്കിലും വീണ്ടും പറയുന്നു. കാടിനുവേണ്ടി ഞാന്‍ ഒന്നു വിളിച്ചതേയുള്ളു. കടമ്മനിട്ട വിളികേട്ടു. ഓടിെയത്തി. ഞങ്ങള്‍ക്കൊപ്പം എന്‍ വിയും , ഒ എന്‍ വിയും വിഷ്ണുവും അയ്യപ്പപ്പണിക്കരും ഉണ്ടായിരുന്നു. എന്‍ വിയുടെ അദ്ധ്യക്ഷതയില്‍ കേരളത്തിലെ ആദ്യത്തെ പ്രകൃതിസംരക്ഷണ സമിതി അങ്ങനെ രൂപം കൊണ്ടു. പിന്നീട് ആവേശമായിരുന്നു. നാടൊട്ടുക്കും നടന്ന് ഞങ്ങള്‍ കാടിനുവേണ്ടി കവിത ചല്ല്ി, പ്രസംഗിച്ചു. ഞങ്ങള്‍ മാത്രമല്ല കേരളത്തിലെ എഴുത്തുകാരെല്ലാം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. കലാകാരന്‍മാരും ചിത്രകാരന്‍മാരും പാട്ടുകാരും ചെറിപ്പക്കാരും നാട്ടുകാരും ഉണ്ടായിരുന്നു. അതൊരുകാലം…തിരുവനന്തപുരത്തെ നിറഞ്ഞു കവിഞ്ഞ വി ജെ റ്റി ഹാളില്‍ നടന്ന ആദ്യത്തെ പ്രകൃതി കവിയരങ്ങ് ഞാനോര്‍ക്കുന്നു. കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത് എ്ന്നു കടമ്മനിട്ട കവിതയില്‍ ഗര്‍ജ്ജിച്ചപ്പോള്‍ ഉയര്‍ന്നിരമ്പിയ കരഘോഷം ഞാനോര്‍ക്കുന്നു.
ഒരു രാത്രി പ്രത്യേകിച്ച് ഓര്‍മ്മിക്കാനുണ്ട്. എവിടെയോ ഒരു കവിയരങ്ങ് കഴിഞ്ഞ് ഞങ്ങള്‍ നാലഞ്ചുപേര്‍, ഒരു വണ്ടിക്കവികള്‍ വരുന്നേ എന്ന് അയ്യപ്പപ്പണിക്കര്‍ പാടിയത്ുപോലെ തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ്. രാത്രി അസമയമായി. ഒ എന്‍ വിയും പണിക്കരും കടമ്മനിട്ടയും വിനയചന്ദ്രനുമുണ്ടെന്നാണ് ഓര്‍മ്മ. ഞാന്‍ മാത്രം മുന്‍ സീറ്റില്‍ അന്തസ്സിലിരിക്കുന്നു. ഹോട്ടലുകളെല്ലാം അടച്ചു. എല്ലാവര്‍ക്കും വിശക്കുന്നുണ്ട്. പെട്ടന്നു പോയാല്‍ മതിയെന്നു ഞാന്‍ പറഞ്ഞപ്പോള്‍ കടമ്മനിട്ട പറഞ്ഞു; ‘ നമുക്ക് വീട്ടിലേക്കു പോകാം., ഈ അസമയത്തോ ? ആ പാവം ശാന്തയെ ഉപദ്രിവിക്കേണ്ട യാതൊരാവശ്യവുമില്ല. ഒരു രാത്രി പട്ടിണികിടന്നെന്നുവെച്ച് ആരും മരിച്ചുപോവില്ല’ എന്നു ഞാന്‍ തരക്കിച്ചു. ആരുകേള്‍ക്കാന്‍ ‘ വീട്ടിലേക്കു വിടട്ടേ എന്നു കടമ്മനിട്ട. അര്‍ദ്ധരാത്രി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഉറക്കച്ചടവോടെ ശാന്ത വന്നു കതകുതുറന്നു ‘ഞങ്ങള്‍ അഞ്ചാറുപേരുണ്ട്, ചോറുവേണം” എന്നോരു കല്പനയായിരുന്നു പിന്നെ. ശാന്തയുടെ മുഖം വാടിയില്ല. ‘ ഇപ്പോള്‍ തയ്യാറാക്കാ”മെന്നു പറഞ്ഞ് ഓടിപ്പോവുകയായിരുന്നു. ഞാനും കുറ്റബോധത്തോടെ പിന്നാലെ ചെന്ന് കറിക്കരിയാനും മറ്റും കൂട്ടത്തില്‍ കൂടി. പിന്നെ അരി അടുപ്പത്തിടലും കൂട്ടാന്‍ വയ്ക്കലുമെല്ലാം ഒരു തകൃതി! പരാതിയില്ല , പരിഭവമില്ല, ദേഷ്യമില്ല. സാക്ഷാല്‍ ഭാരതീയ മാതൃകാ പത്‌നി! ഗൃഹലക്ഷ്മി! ഒടുവില്‍ ചൂടുചോറും കൂട്ടാമുകളുമായി ഊണുംതന്ന് വെളുപ്പാന്‍ കാലമായപ്പോഴേക്ക് ഞങ്ങളെ പറഞ്ഞയച്ച ആ തറവാട്ടമ്മയുടെ പ്രസന്നമുഖം ഞാന്‍ സ്‌നേഹത്തോടെ ഇന്നും ഓര്‍ക്കുന്നു. കവിയുടെ സ്‌നേഹം മാത്രമല്ല ശക്തിയും ആ സ്ത്രീതന്നെയായിരുന്നു. ക്ഷമയോടെയും സ്‌നേഹ്ത്തിന്റെയും സഹനത്തിന്റെയും മൂര്‍ത്തിമദ് ഭാവമായാല്‍ മാത്രമേ ഈവിധമൊരു കവിയെ സഹിക്കാനാവുകയുള്ളു എ്ന്ന് ഞങ്ങള്‍, പെണ്ണുങ്ങള്‍ക്ക് നന്നായി അറിയാം. ശാന്തയ്ക്കു നന്ദി. എന്റെ നിറഞ്ഞ സ്‌നേഹം.
കൂടുതലൊന്നും പറയുന്നില്ല. കടമ്മനിട്ട രാമകൃഷ്ണനെന്ന കവി മലയാളത്തിന് ഒരു ഊര്‍ജ്ജപ്രവഹംതന്നെയായിരുന്നു. ഒ മുഴങ്ങുന്ന ശബ്ദവും കരുത്തുറ്റ വാക്കുകളും ഉഗ്രതാളവും പൊട്ടിച്ചിരിയും വീണ്ടുമെന്റെ മനസ്സില്‍ പ്രതിധ്വനിക്കുന്നു.
കടപ്പാട്; കടമ്മനിട്ട രാമകൃഷ്ണനെകുറിച്ച് പത്‌നി ശാന്ത തയ്യാറാക്കിയ കൊച്ചാട്ടന്‍ എന്ന ഓര്‍മ്മ പുസ്തകം