നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ് വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അലകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കണാവുന്നതാണ്. മലയാളിയുടെ കലാവബോധത്തിലും കലാചരിത്രത്തിലും അദ്ദേഹം നടത്തിയ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് കലാമണ്ഡലത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്. അദ്ദേഹത്തിന്റെ തൊണ്ണൂറോളം കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. ബധിരവിലാപം, ശിഷ്യനും മകനും, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ജരി, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും എന്നിവ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയും ജനകീയത നേടിയവയുമാണ്. വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മികവു കാട്ടിയിട്ടുണ്ട്. വാല്മീകി രാമായണം, ഋഗ്വേദം എന്നിവയ്ക്ക് അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍ ശ്രദ്ധേയമാണ്.
ഇതില്‍ മൂന്നു ഖണ്ഡങ്ങളിലായി 340 വരികള്‍ മാത്രമുള്ള ഒരു ലഘു കവിതയാണ് കൊച്ചുസീത. സീതയെപ്പോലെ പതിപ്രേമചാരിത്രം കാത്തുസൂക്ഷിക്കണമെന്ന് ആശിച്ച ചമ്പകവല്ലി എന്ന ദേവദാസിബാലികയുടെ കഥപറയുന്ന കാവ്യമാണ് കൊച്ചുസീത. ഇതില്‍ രണ്ടു കഥാപത്രങ്ങള്‍ മാത്രമാണുള്ളത്. ബാലയായ ചെമ്പകവല്ലിയും അവളുടെ മുത്തശ്ശിയും. ഇവര്‍ രണ്ടാളും പരസ്പരസ്പര്‍ദ്ധികളായ രണ്ടാശയങ്ങളുടെ പ്രതിരൂപങ്ങളാണ്. ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സ്ത്രീത്വമാണ് ചെമ്പകവല്ലി. പാരമ്പര്യത്തിന്റെ പ്രതിനിധിയാണ് മുത്തശ്ശി. എന്നാല്‍ കാലഘട്ടത്തിന്റെ സ്വാധീനം ഈ രണ്ടുകഥാപാത്രങ്ങളിലും ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. പരതന്ത്രമായ സ്ത്രീത്വത്തിന്റെ രണ്ടു മുഖങ്ങളാണ് ചമ്പകവും മുത്തശ്ശിയും.
ദേവദാസി സമ്പ്രദായത്തെക്കുറിച്ചും ആചാരങ്ങളുടെ പൊള്ളത്തരങ്ങളെക്കുറിച്ചുമൊക്കെ ചര്‍ച്ചചെയ്യുന്ന കാവ്യമാണ് കൊച്ചുസീത. ഈ കൃതിയെക്കുറിച്ചുള്ള പഠനം ആറ്റിക്കുറുക്കിയെടുത്താല്‍ നാമെത്തിച്ചേരുക സ്ത്രീപുരുഷ സമത്വത്തിനുവേണ്ടി വാദിക്കുന്ന പുരോഗമനവാദികള്‍ക്ക് ദേവദാസിസമ്പ്രദായത്തിന്റെ നേരെയുള്ള എതിര്‍പ്പിന്റെ രണ്ടു വശങ്ങളാണ് ചമ്പകവല്ലിയും മുത്തശ്ശിയും എന്ന ഇ എം എസ്സ് നമ്പൂതിരിപ്പാടിന്റെ നിരരീക്ഷണത്തിലാണ്.
1992 പ്രസിദ്ധീകരിച്ച ഈ കാവ്യത്തിന്റെ ആദ്യ ഡി സി പതിപ്പ് പുറത്തിറങ്ങിയത് 2016 ജൂലൈമാസത്തിലാണ്. ഇപ്പോള്‍ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് വിപണിയിലുള്ളത്.
The post വള്ളത്തോളിന്റെ കൊച്ചുസീത appeared first on DC Books.