മലയാളത്തിന്റെ നിരൂപണശാഖയില്‍ വേറിട്ട ശബ്ദത്തിന്റെ ഉടമയാണ് എം.പി.ശങ്കുണ്ണി നായര്‍. സാഹിത്യകൃതികളെ അദ്ദേഹം വിലയിരുത്തിയത് അവയുടെ ധൈഷണിക പശ്ചാത്തലത്തിലായിരുന്നു. ഭാസനും കാളിദാസനും ഉള്‍പ്പെടെയുള്ള മഹാമനീഷികളുടെ കാവ്യവിസ്മയങ്ങള്‍ തന്റെ ബുദ്ധി കൊണ്ട് സംസ്‌കരിച്ചെടുത്ത് ഭാഷയ്ക്ക് കാഴ്ചവച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു അദ്ദേഹം.
നമ്മുടെ കവിതാപഠനത്തിനും കാവ്യസല്ലാപത്തിനും പുതിയ മേഖലകള്‍ തുറന്നിട്ട ശങ്കുണ്ണി നായരുടെ ജീവിതവും കൃതികളും പഠനവിധേയമാക്കുന്ന ഗ്രന്ഥമാണ് എം.പി.ശങ്കുണ്ണിനായര്‍: നിരൂപകനഭസ്സിലെ ഒറ്റനക്ഷത്രം. ഡോ. സ്മിതാദാസ് ആണ് മലയാള സാഹിത്യനിരൂപണ ചരിത്രത്തിലെ ആ അപൂര്‍വ്വ വ്യക്തിത്വത്തെ അടുത്തറിയാന്‍ സഹായകമായ ഈ പുസ്തകം രചിച്ചത്.
മധ്യകേരളത്തിലെ മേഴത്തൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച് സ്വന്തം കഠിനാദ്ധ്വാനത്തിന്റെയും പ്രതിഭയുടെയും മാത്രം പിന്‍ബലത്തില്‍ വളര്‍ന്ന് വലുതായ ഒരു മഹാപണ്ഡിതന്റെ ജീവിതയാത്രയുടെ രേഖാചിത്രമാണ് എം.പി.ശങ്കുണ്ണിനായര്‍: നിരൂപകനഭസ്സിലെ ഒറ്റനക്ഷത്രം എന്ന പുസ്തകം. സാഹിത്യശാസ്ത്രം, ഭാഷാശാസ്ത്രം, നാടകപഠനം തുടങ്ങിയ മേഖലകളില്‍ മറ്റാര്‍ക്കും കൈവരിക്കാന്‍ സാാധിക്കാത്ത ഔന്നത്യങ്ങളെ കീഴടക്കിയ ശങ്കുണ്ണി നായരെക്കുറിച്ച് വരാനിരിക്കുന്ന ഗ്രന്ഥപരമ്പരയിലെ ആദ്യത്തെ പുസ്തകമായി ഈ ഗ്രന്ഥത്തെ അവതരിപ്പിക്കാനാണ് തനിക്കിഷ്ടമെന്ന് അവതാരികയില്‍ ഡോ. സി.രാജേന്ദ്രന്‍ അഭിപ്രായപ്പെടുന്നു.
മലയാള സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഡോ. സ്മിതാദാസ് ‘സുഗതകുമാരിയുടെ കവിതകളിലെ കൃഷ്ണസങ്കല്പം’ എന്ന വിഷയത്തില്‍ കാലിക്കട്ട് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. വളാഞ്ചേരി മര്‍ക്കസ് ട്രെയിനിങ് കോളേജില്‍ അധ്യാപിക കൂടിയാണ് അവര്‍.
The post നിരൂപകനഭസ്സിലെ ഒറ്റനക്ഷത്രമായ എം.പി.ശങ്കുണ്ണിനായര്‍ appeared first on DC Books.