മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെര്‍ബേറിയം തുറന്നിടുന്നത്. പ്രകൃതിയില്‍ നിന്നും ജൈവികതയില്‍ നിന്നും അകറ്റി ഫ്‌ളാറ്റിന്റെ ഇത്തിരിച്ചതുരത്തിലേക്ക് ഒതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് ഈ നോവല്‍ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികള്‍ക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്‌കാരം സ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. രണ്ടു വിരുദ്ധ സാമൂഹിക,ജൈവികാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു സോണിയ റഫീകിന്റെ ഹെർബേറിയം.
മണലാരണ്യത്തിന്റെ ഇത്തിരി പച്ചയിൽ നിന്നും പ്രകൃതിയുടെ മടിത്തട്ടിലേക്കെത്തുന്ന ടിപ്പുവിന്റെയും അവന്റെ ‘അമ്മ ഫാത്തിമ എന്ന ഉമ്മുടുവിന്റെയും കഥയാണ് ഹെർബേറിയം.ഫാത്തിമ തന്റെ വീടും അതിനടുത്തുള്ള കാവും വിട്ട് ദുബായ്ക്ക് പോയി. ടിപ്പുവാവട്ടെ കെ എഫ് സിയും തന്റെ കമ്പൂട്ടര്‍ ഗെയിമുകളും ശീതികരണിയുള്ള മുറിയും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഫാത്തിമ ഒരു സ്വപ്നജീവിയാണ്. അവളുടെ സ്വപ്നലോകത്തിന്റെ വൈവിധ്യങ്ങളെ അവളുടെ സന്നിധ്യത്തില്‍ തിരിച്ചറിയാതെ പോയ ഭര്‍ത്താവ് ആസിഫിന് മുന്നില്‍ അവളെഴുതിയ കുറിപ്പുകളിലൂടെ അവളാരായിരുന്നു എന്ന് ഫാത്തിമ വെളിപ്പെടുന്നു. അതില്‍ പലതും അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നതല്ല. എന്ത് കൊണ്ടാണ് കറിവേപ്പു ചെടികള്‍ വാശിയുള്ളവയാണെന്ന് അയാള്‍ക്ക് മനസിലാവുന്നില്ല. ആസിഫിനേക്കാള്‍ ടിപ്പുവിനാണ് ഫാത്തിമയുടെ മനോനിലകള്‍ തിരിച്ചറിയാന്‍ ആയത്.
”എന്റെ കൈവെള്ളയിൽ ഒതുങ്ങുന്നൊരു ഇമ്മിണി തോട്ടം.ഒരു സുന്ദരി വഴുതിന , അവൾക്കരികിൽ ശീര്ഷാസന പ്രിയരായ വെണ്ടക്കായ്കളുമായി രണ്ട് വെണ്ട ചെടികൾ , ഇരുവരെയും ഉറ്റുനോക്കി കാർന്നോർ ഭാവത്തിലൊരു കറിവേപ്പ്.ചുവന്ന മുടിയഴിച്ചിട്ട ഭ്രാന്തി തള്ളയെ പോലൊരു ചീര. തുളസിയും , ഞെവരയും , പുതിനയും , കച്ചോലവും , രണ്ടാംകിട പൗരന്മാരായി അവർക്കിടയിൽ പമ്മി നിൽപ്പാണ്.
മുളകു വിത്തുകൾ മുളയ്ക്കാനല്പം വൈകി , പകരം പയർ മുളപ്പിക്കാമെന്ന് കരുതിയതാണ്.പുലർച്ചെ പയര്മണികളുമായി വന്നു നോക്കിയപ്പോൾ , ഒളിച്ചിരിപ്പുകൾക്ക് ഒടുക്കം പ്രഖ്യാപിച്ചുകൊണ്ട് മുളകു തൈകൾ വെളുക്കെ ചിരിച്ചു നിൽക്കുന്നു. പയറിന്റെ ആശയും , മുളകിന്റെ നിരാശയും അതോടെ അവസാനിച്ചു.”
ഒരു കുറ്റിമുല്ലയുണ്ട്. ലേശം മടിച്ചിയാണ് , മൊട്ടിടാനായെങ്കിലും ലേശം അമാന്തമുണ്ടവൾക്ക്. ആദ്യ മൊട്ട് വിടരുമ്പോൾ ഈ മുല്ലത്തൈയുടെ ചിത്രം വരയ്ക്കുവാൻ ടിപ്പുവിനോട് പറയണം. അവൻ ആദ്യമായി വരയ്ക്കുന്ന ജൈവ പ്രതിനിധി ഈ കുരുക്കുത്തി മുല്ലയാവട്ടെ. അവന്റെ ചിത്രങ്ങളിൽ ജീവന്റെ മണവും നിറവും പടരണം: ഇനിയെങ്കിലും ‘
ആസിഫിന്റെ കയ്യിൽ തടയുന്ന ഫാത്തിമയുടെ മൂന്നാമത്തെയോ നാലാമത്തെയോ കുറിപ്പാണിത്.നഷ്ടപെട്ട പ്രകൃതിയുടെയും പച്ചപ്പിന്റെയും വിശാലവും സൂക്ഷ്മവുമായ പ്രതിപാദനം കൊണ്ട് എഴുത്തുകാരി പ്രകൃതിയുടെ വര്‍ണ്ണനയോടെ എന്താണ് നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്ന ചിന്ത വായനക്കാരന്റെ ഉള്ളിലേക്ക് ആഴത്തില്‍ പതിപ്പിക്കുകയാണ്. 2016 ലെ ഡി സി സാഹിത്യ പുരസ്കാരം നേടിയ നോവലാണ് സോണിയ റഫീകിന്റെ ഹെർബേറിയം. പുസ്തകത്തിന്റെ മൂന്നാമത്തെ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.