എഴുപതുകളില്‍ യുവാവയിരുന്ന ഒരാള്‍ക്ക് വിപ്ലവസ്വപ്‌നങ്ങള്‍ കാണാതെ വയ്യ. ലോകത്തെ മാറ്റിമറിക്കാന്‍ താനെന്തെങ്കിലും ചെയ്‌തേ തീരു എന്നു വെമ്പി വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് എടുത്തുചാടിയവര്‍ നിരവധി. അവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തെയും സംസ്‌കാരത്തെയും പുതുക്കിപ്പണിയുകയും ചെയ്തു. എന്നാല്‍ പ്രസ്ഥാനങ്ങളുടെ ശിഥിലീകരണങ്ങള്‍ക്കുശേഷം അതിലുള്‍പ്പെട്ട വ്യക്തികള്‍ അനുഭവിച്ച സംഘര്‍ഷങ്ങളുടെ ചരിത്രം സമൂഹം അറിഞ്ഞിട്ടുണ്ടോ..? അത്തരമൊന്ന് രേഖപ്പെടുത്താനുള്ള സാര്‍ത്ഥകമായ ഉദ്യമമാണ് കഥാകൃത്തും നോവലിസ്റ്റുമായ കരുണാകന്‍ യുവാവായിരുന്ന ഒന്‍പതുവര്‍ഷം എന്ന തന്റെ ഏറ്റവും പുതിയ നോവലിലൂടെ ശ്രമിക്കുന്നത്.
പണം പലിശയ്ക്കുനല്‍കുന്ന വയനാട്ടിലെ ദുഷ്ടനായ ഭൂവുടമയായ, എല്ലാവരും മുതലാളി എന്നുവിളിക്കുന്ന വര്‍ക്കിച്ചനെ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായ വധിച്ചതിനുശേഷം ഒളിവില്‍പോകുന്ന ജോസഫ്, രാമു,മുരളി, ചന്ദ്രന്‍ എന്നിങ്ങനെ ഏപേരിലൂടെയാണ് നോവല് തുടങ്ങത്. അതില്‍ ഒരുവന്റെ ഓര്‍മ്മകളിലൂടെയാണ് കഥയുടെ വികാസം. വര്‍ഗ്ഗീയ ഉന്‍മൂലനത്തിനുശേഷം ഒളിവില്‍പോയ അവരില്‍ പലരും പരസ്പരം ഒറ്റിക്കൊടുക്കുകയും ആത്മഹത്യചെയ്യുകയും ചെയ്തു. എന്നാല്‍ ഒരാള്‍മാത്രം പിടിക്കപ്പെടാതെ..ആരാലും തിരിച്ചറിയപ്പെടാതെ മറ്റോരു രാജ്യത്ത് താമസമുറപ്പിച്ചു. ഒടുവില്‍ അവിടെയുണ്ടായ കലാപത്തില്‍ അഭയാര്‍ത്ഥിയായി സ്വന്തം നാട്ടിലേക്ക് അയാള്‍ക്ക് മടങ്ങേണ്ടിവന്നു. മടങ്ങുകമാത്രമല്ല പണ്ടുനടത്തിയ കൊലപാതകം ഏറ്റുപറഞ്ഞ് കീഴടങ്ങുകയും…ഒരു ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് കെട്ടിത്തൂണ്ടിച്ചാവുകയും ചെയ്തു. അതിനിടയില്‍ തന്നെ സമീപിച്ച പെണ്‍ സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം എഴുതിയ പുസ്തകമാണ് യുവാവായിരുന്ന ഒന്‍പതു വര്‍ഷം. തങ്ങള്‍ നടത്തിയ കൊലപാതകത്തെപറ്റിയും ഒളിച്ചുതാമസിച്ച സ്ഥലത്തെക്കുറിച്ചും തിരികെയുള്ള കപ്പല്‍ യാത്രയില്‍ കണ്ടുമുട്ടിയ ജിന്നിനെയും ഈ കപ്പല്‍ യാത്രകഴിയുമ്പോള്‍ നിങ്ങള്‍ ഒരു യുവാവല്ലാതായിത്തീരും എന്ന ജിന്നിന്റെ വാക്കുകളെയും അയാള്‍ ഓര്‍ത്തെടുക്കുന്നു.
യുവാവായിരിക്കുക എന്ന സ്വപ്‌നവും ഒരു മനുഷ്യന്‍ യുവാവായിരിക്കുന്ന ഒന്‍പതുവര്‍ഷത്തെക്കുറിച്ചും ആ വര്‍ഷമത്രയും ഒന്നും ചെയ്യാതെ പേരും നാടും മറച്ചുവെച്ച് ഒളുവില്‍ കഴിഞ്ഞുകൂടിയതിന്റെ ആവലാതികളും ഉള്ളിലുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായ മനുഷ്യനെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ അയാള്‍ ഓര്‍ത്തെടുക്കുന്നു.