കുഞ്ച്‌രാമ്പള്ളം എന്ന പാരിസ്ഥിതിക നോവലിന്റെ കഥാബീജം മനസ്സില്‍ മുളച്ചതിനെക്കുറിച്ചും, അത് പുസ്തകമാക്കി പ്രസിദ്ധീകരിച്ചതിനെക്കുറിച്ചുമുള്ള തങ്ങളുടെ എഴുത്തനുഭവം പങ്കുവയ്ക്കുകയാണ് വിദ്യാഭ്യാസപ്രവര്‍ത്തകരും എഴുത്തുകാരുമായ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും..
“ഏതാണ്ട് പതിമൂന്നു കൊല്ലങ്ങള്‍ക്കു മുമ്പാണ് ‘കുഞ്ച്‌രാമ്പള്ള‘ത്തിന്റെ കഥാബീജം മനസ്സിലേക്കു വന്നു കേറുന്നത്. ഒരു സിനിമയുടെ സാദ്ധ്യതവന്നുപെട്ടപ്പോഴാണ് ഒരു കഥയെപ്പറ്റി ഞങ്ങള്‍ ചിന്തിച്ചു തുടങ്ങിയത്. അട്ടപ്പാടിയിലെ ഒട്ടേറെ സാമൂഹിക പ്രശ്‌നങ്ങളുമായി ഇടപെട്ടിരുന്ന ഞങ്ങള്‍ക്ക് ഒരു പ്രമേയത്തിനായി അധികമൊന്നും അലയേണ്ടി വന്നില്ല. ഇന്നും ഒരു കഥയോ നാടകമോ നോവലോ എഴുതേണ്ടി വന്നാല്‍ അതിനുള്ള ഒരു ‘ബീജബാങ്കു’തന്നെ ഞങ്ങളുടെ ഉള്ളില്‍ കുടിയേറി ഇരിപ്പുണ്ട്. ഉള്ളില്‍ത്തട്ടി ഒന്നു വിളിച്ചാല്‍ മതി അതു തുറക്കും. ജീവിതത്തിന്റെ
നേര്‍പ്പകര്‍പ്പുകള്‍. അത് ഏതു രൂപത്തില്‍ എഴുതണമെന്നു മാത്രം തീരുമാനിച്ചാല്‍ മതി. ആ ആത്മവിശ്വാസത്തിലാണ് ‘കുഞ്ച്‌രാമ്പള്ളം’ തുടങ്ങുന്നത്. സിനിമയുടെ സാദ്ധ്യതയുള്ളതുകൊണ്ട് അതൊരു തിരക്കഥ ആവുകയായിരുന്നു. പക്ഷേ, അത് ചില തത്പരകക്ഷികളുടെ ഇടപെടല്‍ മൂലം വഴുതിപ്പോയി.
സിനിമാക്കഥയ്ക്കു സാദ്ധ്യത അടഞ്ഞുപോയെങ്കിലും കഥാബീജവും കഥാപാത്രങ്ങളും മനസ്സില്‍ കിടന്നു വിങ്ങിക്കൊണ്ടേയിരുന്നു. നിത്യജീവിതത്തിലെ ഏതൊരു പ്രശ്‌നങ്ങളോട് ഇടപെടുമ്പോഴും ‘കുഞ്ച്‌രാമ്പള്ള‘ത്തിലെ കഥാപാത്രങ്ങളും സംഭവങ്ങളും ഞങ്ങളുടെ ജീവിതത്തിലേക്കും കുറേശ്ശെക്കുറേശ്ശെ കടന്നു കയറാന്‍ തുടങ്ങി. അട്ടപ്പാടി വരണ്ടുണങ്ങിക്കൊണ്ടേയിരുന്നു. ഒപ്പം കുടിവെള്ളപ്രശ്‌നം രൂക്ഷമായിക്കൊണ്ടേയിരുന്നു. കാര്‍ഷികമേഖല തകര്‍ന്നുകൊണ്ടേയിരുന്നു. ആദിവാസികള്‍ കരകയറാനാവാത്തവിധം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടേയിരുന്നു. കള്ളച്ചാരായം വാറ്റുന്നവരും കഞ്ചാവുകൃഷിക്കാരും കള്ളത്തടി വെട്ടുന്നവരും കള്ളരാഷ്ട്രീയക്കാരും മതങ്ങളും ഒക്കെ ഊരുകള്‍ പിടിച്ചടക്കുന്നതിനു മത്സരിച്ചുകൊണ്ടേയിരുന്നു. അപ്പോഴും സര്‍ക്കാര്‍ ഫണ്ടുകള്‍ ആദിവാസികള്‍ക്കായി ഒഴുകിക്കൊണ്ടേയിരുന്നു. പട്ടിണി പല ആദിവാസി ഊരുകളിലും മുടിയഴിച്ചാടിക്കൊണ്ടേയിരുന്നു. ‘കുഞ്ച് രാമ്പള്ളം’ എഴുതേണ്ടത് ഞങ്ങളുടെ ഒരത്യാവശ്യമായിത്തീരുന്നത് അങ്ങനെയാണ്. എന്നാല്‍ ഈവക പ്രശ്‌നങ്ങള്‍ ഒരു പ്രസംഗരൂപത്തിലാക്കി ആവേശംകൊള്ളിക്കുന്നൊരു വിപ്ലവകഥ എഴുതാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹാരവുമുണ്ട്. ആ പരിഹാരത്തിലേക്കെത്താന്‍ കഠിനമായ പരിശ്രമങ്ങള്‍ അനിവാര്യമാണ്. പ്രശ്‌നപരിഹാരത്തിനായി ഒരു രക്ഷകനെ കാത്തിരിക്കാതെ നമ്മള്‍ നമ്മുടെ രക്ഷകരാകാന്‍ മുന്നിട്ടിറങ്ങുക. അങ്ങനെയുള്ള കഥകള്‍ പറയാനാണു ഞങ്ങള്‍ക്കിഷ്ടം. അതാണിവിടെ ചെയ്യുന്നതും.
ഞങ്ങള്‍ എഴുത്ത് തൊഴിലാക്കിയവരല്ലല്ലോ. ഞങ്ങളുടെ പ്രധാന പ്രവര്‍ത്തനമേഖലയും അതല്ല. എന്നിട്ടും എഴുതിക്കൂട്ടേണ്ടി വന്നു. ഒടുവില്‍ നടപ്പിലാകാത്ത സിനിമാരൂപം ഒഴിവാക്കി നടക്കാന്‍ സാദ്ധ്യതയുള്ള നോവലിലേക്ക് ചുവടു മാറി. വിദ്യാഭ്യാസത്തിന്റെ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്ന ഞങ്ങള്‍ക്ക് ഉണ്ണാനും ഉറങ്ങാനുംപോലും സമയം തികയുന്നില്ലായിരുന്നു. അതിനിടയിലും എഴുതിക്കൊണ്ടിരുന്നു. തുടര്‍ച്ചയായി എഴുതാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. എന്നിട്ടും മൂന്നുവിധത്തില്‍ മൂന്നു ‘കുഞ്ച്‌രാമ്പള്ള’ങ്ങള്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ‘കുഞ്ച്‌രാമ്പള്ള‘ത്തില്‍നിന്നും വ്യത്യസ്തമായ മറ്റു രണ്ടു കയ്യെഴുത്തുപ്രതികള്‍ ഞങ്ങള്‍ ഒരു ഓര്‍മ്മയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
എന്തും വളരെ ലളിതമായി അവതരിപ്പിക്കണമെന്നു ഞങ്ങള്‍ക്കു ശാഠ്യമുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവരാണു ഞങ്ങള്‍. അതുകൊണ്ടുതന്നെ വളവും തിരിവും പൊടിപ്പും തൊങ്ങലുമില്ലാതെയാണു ഞങ്ങള്‍ കഥ പറയുന്നത്. അട്ടപ്പാടിയാണു കഥയുടെ പശ്ചാത്തലം. ഞങ്ങള്‍ ഒരുമിച്ചു ജീവിച്ച മുപ്പത്തിയാറു കൊല്ലങ്ങളുടെ മുക്കാല്‍ പങ്കും ഞങ്ങള്‍ അട്ടപ്പാടിയില്‍ത്തന്നെ ആയിരുന്നല്ലോ! അങ്ങനെയുള്ള ഞങ്ങള്‍ എഴുതുന്ന കഥയുടെ പശ്ചാത്തലം എങ്ങനെ അട്ടപ്പാടി അല്ലാതാവും? ”