ഇതുപോലൊരു പുസ്തകം ജീവിതത്തിലൊരിക്കലും നിങ്ങള്‍ വായ്യിച്ചിട്ടുണ്ടാവില്ല എന്നു പറഞ്ഞുകൊണ്ടുമാത്രമെ ചിട്ടസ്വരങ്ങള്‍ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവയക്കാനാകൂ. അത്രമേല്‍ ഹൃദയസര്‍പര്‍ശിയായ സംഗീതാത്മകമായ ഒരു ജീവിതാഖ്യായികയാണിത്. ഇന്ത്യന്‍ സംഗീതത്തിലെ മഹാപ്രതിഭകള്‍ക്കൊപ്പം നില്‍ക്കുവാന്‍ തക്കവണ്ണം ആഴമേറിയ ജ്ഞാനത്തിനുടമയായിരുന്നു നെയ്യാറ്റിന്‍കര വാസുദേവന്‍ എന്ന സംഗീതജ്ഞന്‍. ആ സംഗീതജീവിതം അതിമനോഹരമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍.
എഴുത്തുകാരനും ചിത്രകാരനുമായ കൃഷ്ണൂര്‍ത്തിയാണ് ചിട്ടസ്വരങ്ങള്‍ എന്ന പുസ്തകത്തിന്റെ രചയിതാവ്. ആചാരോപചാരങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു ജീവചരിത്രഗ്രന്ഥമല്ല കൃഷ്ണമൂര്‍ത്തി എഴുതിയിരിക്കുന്നത്. സംഗീതലോകത്തിന്റെ എല്ലാ സൂക്ഷ്മതലങ്ങളും അടുത്തറിഞ്ഞ് ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരരാള്‍ക്കു മാത്രമേ ഇത്രയും മനോഹരമായ ഒരു രചന സാധ്യമാകൂ. നെയ്യാറ്റിന്‍കര വാസുദേവന്‍ എന്ന പ്രതിഭയുടെ സംഗീതവികാസം രേഖപ്പെടുത്തുന്നതിനിടയില്‍ത്തന്നെ മറ്റ് സംഗീതകുലപതികളുടെയും ജീവിതദൃശ്യങ്ങള്‍ ഈ പുസ്തകത്തില്‍ കൃഷ്ണമൂര്‍ത്തി ആവിഷ്‌ക്കരിക്കുന്നുണ്ട്.
ഒരു കാലഘട്ടത്തിന്റെ സംഗീതചരിത്രം രേഖപ്പെടുത്തുകയാണ് ചിട്ടസ്വരങ്ങള്‍ എന്ന പുസ്തകം. അക്കാലയളവിലെ ദക്ഷിണേന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീതലോകത്തെ ആരാധനാവിഗ്രഹങ്ങളായിരുന്ന നിരവധി സംഗീതജ്ഞര്‍ ഇതില്‍ നിരവധി കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ലാല്‍ഗുഡി ജയരാമന്‍, ജി. എന്‍ ബാലസുബ്രഹ്മണ്യം, മാവേലിക്കര വേലുക്കുട്ടി നായര്‍, മാവേലിക്കര പ്രഭാകരവര്‍മ്മ എന്നി പ്രഗല്‍ഭമതികളുടെ സ്വഭാവവൈശിഷ്ട്യങ്ങളും അര്‍പ്പണമബോധവും ശിഷ്യവാത്സല്യവുമൊക്കെ ഈ രചനയില്‍ തെളിമയോടെ അനുഭവപ്പെടുന്നു. സ്വാതിതരുനാള്‍ സംഗീതകോളജിന്റെയും തൃപ്പൂണിത്തുറ ആര്‍. എല്‍. വിയുടെയും തിരുവനന്നതപുരം ആകാശവാണിയുടെയും ഒക്കെ ആരംഭകാല സംക്ഷിപ്ത ചരിത്രങ്ങളും പ്രവര്‍ത്തനശൈലിയും ഈ പുസ്തകത്തിലെ മൂല്യവത്തായ ഉള്ളടക്കങ്ങളില്‍പെടുന്നു.
ഒരു മഹാസംഗീതജ്ഞനൊപ്പം നാം യാത്ര ചെയ്യുകയാണ് എന്നനുഭവിപ്പിക്കാന്‍ ഈ പുസ്തകത്തിനു കഴിയുന്നുണ്ട്. പഠനകാലവും അതിനു ശേഷം വിശ്രമരഹിതമായി അദ്ദേഹം നടത്തിയ കച്ചേരികാലവുമൊക്കെ എത്ര മനോഹരമായി വായനാക്ഷമതടോയെയാണ് കൃഷ്ണമൂര്‍ത്തി വരിച്ചിടുന്നത്. നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിതവും ജീവിതവീക്ഷണങ്ങളുമെല്ലാം കൃതിയിലുണ്ട്. ഒരു കച്ചേരിയുടെ അനുഭവം ഇങ്ങനെ ‘ കച്ചേരിക്കിരിക്കുമ്പോള്‍ വാസുദേവന്റെ സൗമ്യതയും ചാലക്കുടി നാരായണസ്വാമിയുടെ ചിരിച്ചുല്ലസി്ക്കലുമൊന്നുമല്ല വേലുക്കുട്ടി നായര്‍ക്കുള്ളത്. ഉത്സവത്തിന് തിടമ്പേറ്റി പരിചിതനായ ഗജവീരന്റെ തലയെടുപ്പും ഗാംഭീര്യവുമാണ്. അതു ശ്രദ്ധിച്ചുകൊണ്ട് വേലുക്കിട്ടി നായരുടെ തനിയാവര്‍ത്തനത്തിനു താളമിട്ടുകൊണ്ടിരുന്നപ്പോള്‍ വാസുദേവന്‍ ശ്രീകുമാറിനു നേരെ തിരിഞ്ഞു. ‘ താളമിടണ്ട’. കച്ചേരി കഴിഞ്ഞു കാറില്‍ മടങ്ങുമ്പോള്‍ ശ്രീകുമാര്‍ ചോദിച്ചു. ‘അതെന്താണു സാര്‍’. മൃദംഗം വായിക്കുന്ന ആള്‍ വിദ്വാനെങ്കിലും മഹാവിദ്വാനെങ്കിലും ആവര്‍ത്തനമയത്ത് ചെറിയ രീതിയില്‍ സ്പീഡു കൂടാം, ഓടാം, കുറയാം. ചില കാര്യങ്ങള്‍ വായിക്കുമ്പോള്‍ തെറ്റുപറ്റാം. പിഴയ്ക്കുന്നതല്ല, എങ്ങനെയോ. അത് അഡ്ജസ്റ്റുചെയ്ത് താളം പിടിക്കണം. അത് പാട്ടുകാരനെ പറ്റൂ. ആ കാലാകരനെ സേവു ചെയ്യേണ്ടത് നമ്മളാണ്. കറക്റ്റായിട്ടു താളം പിടിച്ചുപോയിക്കഴിഞ്ഞാല്‍, വല്ലതും പറ്റിയാല്‍ കേള്‍വിക്കാര്‍ക്ക് അറിയാന്‍ പറ്റും. അതറിയരുത്. വായനയില്‍ സപ്പോര്‍ട്ടാണ് വേണ്ടത്. കണക്കും കാര്യവുമല്ല.’
സംഗീതത്തെ ആരാധിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ പുസ്തകത്തിന്റെ വായന ഒഴിവാക്കാനാവുകയില്ല. ആദ്യ അധ്യായം മുതല്‍ അവസാനവാക്കുവരെ ഒറ്റയിരിപ്പില്‍ നാം വായിച്ചുതീര്‍ക്കും. തീര്‍ച്ച..!