ലോകസാഹിത്യത്തിന്റെ ഇടനാഴികളിൽ ആമുഖത്തിന്റെ ആവശ്യമില്ലാതെ ആദ്യ നോവലിൽ കൂടി വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ് അരുന്ധതിറോയ്. ആഗോളസാഹിത്യ പ്രേമികൾക്ക് God of Small Things എന്ന നോവലും നോവലിലെ കഥാപാത്രങ്ങളും എഴുത്തുകാരിയും മുഖവുരയാവശ്യമില്ലാത്തവരായി. മലയാളത്തിന്റെ വിശ്വോത്തര നോവൽ God of Small Things പ്രിയ എ എസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചു. പ്രസിദ്ധീകരിച്ച് മാസങ്ങൾക്കു ശേഷവും ബെസ്ററ് സെല്ലറായി തുടർന്ന കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ അരുന്ധതി റോയ് എന്ന എഴുത്തുകാരിയുടെ രചനാ മാന്ത്രികതയാണ് തുറന്നു കാട്ടുന്നത്.
1998ലാണ് ദി ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് എന്ന ആദ്യ നോവലിന് അരുന്ധതി റോയ് ബുക്കര്‍ പ്രൈസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. റാഹേല്‍ എന്നും, എസ്ത എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങളിലൂടെ കുഞ്ഞുകുഞ്ഞ് കാര്യങ്ങളുമായി മുഴുവന്‍ വായനക്കാരെയും ആസ്വദിപ്പിച്ച വലിയ നോവല്‍ ആണ് കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍. എസ്തയുടെയും റാഹേലിന്റെയും കുഞ്ഞുകാര്യങ്ങളിലെ തമ്പുരാനായ വെളുത്ത പിന്നീടെപ്പോഴോ അവരുടെ അമ്മ അമ്മുവിന്റെ തമ്പുരാനായി മാറുന്നതും അതിന്റെ അനന്തരഫലങ്ങളുമാണ് നോവല്‍ പറയുന്നത്.
അമ്മു എന്ന സിറിയൻ ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത് രഹസ്യമായി കണ്ടുമുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവർണ്ണ ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേർന്ന് അയാളെ പോലീസ് ഇൻസ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം. എസ്ത, റാഹേല്‍, അമ്മു, വെളുത്ത, ബേബിക്കൊച്ചമ്മ, സോഫിമോള്‍ എന്നിങ്ങനെ ആത്മാവുള്ള കഥാപാത്രങ്ങള്‍ നോവലിനെ ജനകീയമാക്കി.
വ്യക്തിതാല്‍പ്പര്യത്തേക്കാള്‍ മുകളിലാണ് സഖാവേ സംഘടനാ താല്‍പ്പര്യം എന്നുപറഞ്ഞ് വെളുത്തയെ കൈയ്യൊഴിയുന്ന രാഷ്ട്രീയ നേതാവിന്റെ ചിത്രീകരണം നോവല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന ആരോപണങ്ങള്‍ സൃഷ്ടിച്ചിരുന്നു. നോവലില്‍ അശ്ലീലത്തിന്റെ അതിപ്രസരമുണ്ടെന്ന പ്രചരണങ്ങളും തള്ളിക്കളഞ്ഞാണ് വായനക്കാര്‍ ഈ കൃതിയെ ആവേശപൂര്‍വ്വം സ്വീകരിച്ചത്.
ചരിത്രത്തില്‍ ആദ്യമായി വിവര്‍ത്തന നോവലുകളുടെ ഒന്നാം പതിപ്പില്‍ ഇരുപത്തി അയ്യായിരം കോപ്പികളാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ പുറത്തിറങ്ങിയത്. തനി കോട്ടയം സംഭാഷണങ്ങളാണ് നോവൽ വിവർത്തനത്തിൽ പ്രിയ എ എസ് ഉപയോഗിച്ചിരിക്കുന്നത്. അരുന്ധതി റോയുമായി നിരന്തരം സംഭാഷണം നടത്തി എഴുത്തുകാരിയുടെ മനസിലെ ഗോഡ് ഓഫ് സ്മാള്‍തിങ്സിനെത്തന്നെയാണ് വിവർത്തക മലയാളത്തിലേക്കാക്കിയതും. പ്രിയയുടെ ആ കരുത്ത് തന്നെയാണ് ഈ നോവലിനെ ഒരു മലയാള നോവലായി മലയാളികൾ നെഞ്ചേറ്റിയത്.
മലയാളം എന്ന ഇംഗ്ലീഷ് വാക്ക് മുന്നോട്ടും പുറകോട്ടും വായിക്കാം. അതുപോലെ ഈ പുസ്തകവും മുന്നോട്ടും പുറകോട്ടും വായിക്കണമെന്ന് പരിഭാഷകക്കുറിപ്പില്‍ പ്രിയ എഴുതുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഓരോ പുനര്‍വായനയിലും പുതിയ മാനങ്ങള്‍ തെളിയുന്ന ഈ പുസ്തകം മലയാളി നിശ്ചയമായും വായിച്ചിരിക്കേണ്ട ഒന്നാണെന്ന് തീര്‍ത്തുപറയാം.