ജനങ്ങളെ വിരട്ടാനും ആക്രമിക്കാനും രാജ്യദ്രോഹികളെന്ന് മുദ്രകുത്താനും ദേശീയത എന്ന സങ്കൽപത്തെ ആയുധമാക്കുന്ന അധികാരത്തിന്റെ പ്രത്യയശാസ്ത്രത്തെ തുറന്നുകാണിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ദേശീയത നായാട്ടിനിറങ്ങുമ്പോൾ എന്ന പുസ്തകം. നിരവധി തുറസ്സുകളുള്ള സ്വതന്ത്രമായ വിശാലമായ സാംസ്കാരികലോകത്തെ തുറന്നു പറച്ചിലുകൾക്ക് നേരെ വാളോങ്ങുന്നതിനെ മനഃശാസ്‌ത്രപരമായ അപഗ്രഥനത്തിലൂടെ പ്രതിരോധിക്കുന്ന ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നാം അധികാരത്തിന്റെ കൂടെയോ നീതിയുടെ കൂടെയോ എന്ന ചോദ്യം പോലും വർഗീയ ശക്തികളുടെ കൊലവിളികൾക്ക് മുന്നിൽ പ്രസക്തിയില്ലാതാകുന്നു. അന്ധമായ പാരമ്പര്യാരാധന , ദുർബലരോടുള്ള അവജ്ഞ , ചരിത്രം തങ്ങൾക്ക് അനുകൂലമായി തിരുത്തി എഴുതൽ തുടങ്ങി കേൾക്കുമ്പോൾ യുക്തിഭദ്രമെന്നു തോന്നുന്ന ഫാസിസ്റ്റ് വാദങ്ങൾ സ്വതന്ത്രമായ വാക്കിനു നേരെയുള്ള കടന്നു കയറ്റമാണ്. എന്നാൽ ഇതിനോട് യോജിക്കാനാണ് രാഷ്ട്രീയക്കാർക്കും മതമേലധ്യക്ഷന്മാർക്കും താൽപര്യം. ദേശീയതയുടെ വിവിധ അർദ്ധ തലങ്ങളിലൂടെ സഞ്ചരിക്കുന്നവയാണ് ദേശീയത നായാട്ടിനിറങ്ങുമ്പോൾ എന്ന പുസ്തകത്തിലെ ഒട്ടുമിക്ക ലേഖനങ്ങളും
1994 ൽ ഷാർജയിൽ ” ശവംതീനി ഉറുമ്പുകൾ ” എന്ന നാടകം അവതരിപ്പിച്ച കലാകാരന്മാരെ കോടതി ആറു വർഷത്തെ തടവിന് ശിക്ഷിച്ചു. കാർത്തികേയൻ പാടിയതിന്റെ ഈ നാടകം പുരോഹിത വർഗ്ഗത്തിന്റെയല്ലാത്ത ആരുടേയും വികാരങ്ങൾ മുറിപ്പെടുത്തുന്നതായിരുന്നില്ല. എന്നിട്ടും എങ്ങനെ സംഭവിച്ചു എങ്കിൽ ഏതൊക്കെ സന്ദർഭങ്ങളിൽ നിങ്ങളുടെ വാക്കിനെ നിരോധിക്കും എന്ന് പറയാനാവില്ല.ദേശീയത എന്ന വാക്കിന് പോലും ഇപ്പോൾ വാളിന്റെ മൂർച്ചയാണ്. മനുഷ്യ സംസ്കാരത്തിന്റെ ഉന്നതവും ഉദാത്തവുമായ പ്രകാശ രൂപമായ ഭാഷയ്ക്കും , വാക്കിനും ,ആശയാവിഷ്കാരത്തിനും ഇവിടെ സ്വാതന്ത്ര്യമില്ല.ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരത കടുത്ത ഭീഷണി നേരിടുന്ന ഈ സന്ദർഭത്തിൽ പുസ്തകത്തിന്റെ ദേശീയത നായാട്ടിനിറങ്ങുമ്പോൾ എന്ന പേര് അർത്ഥപൂർണ്ണമാണ്.
ബഹുസ്വരതകളുള്ള സമൂഹങ്ങളുടെ ജീവവായുവാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം. വിനിമയം , സംവാദം , ജനാധിപത്യം , മിഥ്യയായ സഹിഷ്ണുതയുടെയും , ഇല്ലാത്ത പരസ്പര ബഹുമാനത്തിന്റെയും പേരിൽ നാമതിന് തടയിടുകയാണെങ്കിൽ , സ്വതന്ത്രമായ വാക്ക് അന്യം നിന്നു പോകും. ഇസ്‌ലാമിനെ വിമർശിക്കാൻ അനിസ്‌ലാമിനും ഹിന്ദുയിസത്തെ വിമർശിക്കാൻ അഹിന്ദുവിനും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം അംഗീകരിക്കപ്പെടണം . ഇതാണ് സഹിഷ്ണുത. അല്ലാതെ വിമർശനങ്ങളിൽ നിന്ന് ഭയപ്പെട്ട് ഒളിച്ചോടലല്ല. മനസ്സിൽ മാനവികത ശേഷിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ജനാധിപത്യത്തിൻെറ ഉയർന്ന മൂല്യ സങ്കൽപങ്ങളെ അവതരിപ്പിച്ചുകൊണ്ട് മറ്റൊരു വ്യവസ്ഥ സാധ്യമാണെന്ന് കെ അരവിന്ദാക്ഷൻ പുസ്തകത്തിലൂടെ ഉറപ്പിക്കുന്നു.
മലയാളത്തിലെ സമകാലിക എഴുത്തുകാരിൽ ഒരാളാണ് കെ. അരവിന്ദാക്ഷൻ . നോവൽ, കഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലുള്ള നിരവധി കൃതികളുടെ രചന നിർവ്വഹിച്ചിട്ടുണ്ട്. ഗാന്ധിയുടെ ജീവിതദർശനം എന്ന കൃതിക്ക് 1995-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. തൃശൂർ സെന്റ് തോമസ് കോളചില നിന്ന് ബിരുദവും , ഭഗൽപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗാന്ധിയൻ ദർശനത്തിൽ ഗവേഷണ ബിരുദവും നേടിയിട്ടുണ്ട്. സാക്ഷിമൊഴി ,മറുപാതി ,ഭോപ്പാൽ , അജിതയുടെ തിരോധാനം , അലക്കുയന്ത്രം , ഉഭയജീവികളുടെ മാനിഫെസ്റ്റോ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്